മുംബൈ: കഴിഞ്ഞദിവസമായിരുന്നു ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടേയും വിവാഹത്തിന്റെ വിരുന്ന്. സിനിമകായിക ലോകത്തു നിന്നും നിരവധി താരങ്ങളാണ് വിരുന്നിനെത്തിയത്. വിരുന്നിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.

വിരുന്നിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻ യുവരാജ് സിങ്ങും മുൻ ഇന്ത്യൻ താരം സഹീർ ഖാന്റെ ഭാര്യയും നടിയുമായ സാഗരികയും ഒരുമിച്ചുള്ള ചിത്രം വൈറലായിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. ഇതിന് പിന്നാലെ സാഗരിക തന്നെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

ഇരട്ടകളെ പോലെ എന്നു പറഞ്ഞായിരുന്നു സാഗരിക ചിത്രം പോസ്റ്റ് ചെയ്തത്. യുവരാജിന്റെ ഭാര്യ ഹസൽ കീച്ചിനെ മെൻഷൻ ചെയ്തായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സാഗരികയുടെ ചിത്രത്തിന് മറുപടിയുമായി ഹസൽ രംഗത്തെത്തിയിരിക്കുകയാണ്.

സഹീർ ഖാന്റെ പോലെ തന്നെയുള്ള ഡ്രസ് എനിക്കും ഉണ്ടായിരുന്നെങ്കിൽ ബാലൻസ് ചെയ്യാമായിരുന്നു എന്നായിരുന്നു സാഗരികയുടെ കമന്റ്. ചിത്രവും സാഗരികയുടെ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.