ജലന്ധർ: ഓൾ റൗണ്ടർ യുവ്‌രാജ് സിങ്ങിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനു പിന്നിൽ ക്യാപ്റ്റൻ എം എസ് ധോണിയുടെ കരങ്ങളാണെന്നു യുവ്‌രാജിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്. ധോണിയും യുവ്‌രാജും തമ്മിൽ അത്ര രസത്തിൽ അല്ലാത്തതാണ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നും യോഗ്‌രാജ് പറഞ്ഞു.

യുവ്‌രാജിനെ 16 കോടിക്ക് ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസ് വാങ്ങിയതിന് പിന്നാലെയാണ് യോഗ്‌രാജിന്റെ ആരോപണം. യുവ്‌രാജുമായി ധോണിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ താനൊന്നും ചെയ്യാൻ പോകുന്നില്ല. ദൈവം അതിന് മറുപടി നൽകിക്കൊള്ളുമെന്നും യോഗ്‌രാജ് പറഞ്ഞു.

അങ്ങനെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ധോണി വ്യക്തമാക്കണമെന്നും യോഗ്‌രാജ് പറഞ്ഞു. അർബുദബാധിതനായശേഷവും രാജ്യത്തിനുവേണ്ടി കളിച്ചയാളാണ് തന്റെ മകൻ. യുവരാജ് ധോണിക്ക് അപ്രിയനായതിന്റെ കാരണം അറിയില്ല.

ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് ജയിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എന്നാൽ ധോണിയുടെ പെരുമാറ്റം വേദനാജനകവും ദുഃഖകരവുമാണെന്നും യോഗ്‌രാജ് പറഞ്ഞു.

എന്നാൽ, അച്ഛൻ വികാരാധീനനായി സംസാരിച്ചതാണെന്ന വിശദീകരണവുമായി യുവ്‌രാജ് രംഗത്തെത്തി. എല്ലാ മാതാപിതാക്കളെയും പോലെ അച്ഛനും തന്നോട് സ്‌നേഹമുണ്ട്. അതിനാലാണ് അദ്ദേഹം അങ്ങനെ സംസാരിച്ചത്.

ധോണിയുടെ കീഴിൽ കളിച്ചിരുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും യുവരാജ് ട്വിറ്ററിൽ കുറിച്ചു.

തന്റെ പിതാവും മകനെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും ഏറെ ഉത്കണ്ഠാകുലനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വികാര പ്രകടനത്തെ ആ രീതിയിൽ കണ്ടാൽ മതിയെന്നായിരുന്നു യുവരാജിന്റെ പ്രതികരണം. നേരത്തെ ഐപിഎൽ കോഴ വിവാദത്തിൽ ശ്രീശാന്തിന്റെ പേര് ഉയർന്നപ്പോൾ ശ്രീയുടെ പിതാവും ധോണിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പിന്നീട് അത് തിരുത്തുകയും ചെയ്തു.