ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയ ജാതീയ പരാമർശത്തിന്റെ പേരിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ എന്ന വാർത്ത വൈറലാണ്. എന്നാൽ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി യുവരാജ് കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷം ജാമ്യവും അനുവദിച്ചു.

രോഹിത് ശർമ്മയുമായുള്ള സംഭാഷണത്തിനിടെ ജാതി പറഞ്ഞ് ചെഹാലിനെ അപമാനിച്ചുവെന്നതാണ് കേസ്. യുവരാജ് ഈ സംഭവത്തിൽ അറസ്റ്റിന് മുമ്പേ മാപ്പു പറഞ്ഞിരുന്നു. തെറ്റിധരിച്ചതാണ് തന്റെ പരാമർശം എന്നും പറഞ്ഞിരുന്നു. 2020ൽ രോഹിത് ശർമ്മയുമായി നടത്തിയ ലൈവ് ഇൻസ്റ്റാ വീഡിയോയാണ് വിവാദത്തിന് ആധാരം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യൻ ലെഗ് സ്പിന്നറുടെ ടിക് ടോക് വീഡിയോ കണ്ട് നടത്തിയ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് കാരണം.

ഇതിനിടെ യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നില്ലെന്നും കേസിന്റെ ഭാഗമായി യുവരാജ് നേരിട്ട് പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഹരിയാനയിലെ ഹിസാർ സ്റ്റേഷനിൽ യുവരാജ് എത്തി. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും യുവരാജിനൊപ്പം ഉണ്ടായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആധാരമായ പരാതി പൊലീസ് സ്‌റ്റേഷനിൽ കിട്ടുന്നത്. കോടതി നിർദ്ദേശ പ്രകാരം എഫ് ഐ ആറും ഇട്ടു. ഇതു മനസ്സിലാക്കിയാണ് കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യുവരാജ് സ്റ്റേഷനിലെത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ എസ് സി-എസ് ടി അതിക്രമങ്ങൾക്കായുള്ള കോടതിയിൽ പൊലീസ് കുറ്റപത്രം നൽകും. അവിടെ നിന്നും ജാമ്യം എടുക്കാനും സാധ്യതയുണ്ട്.

അതിനിടെ യുവരാജിന് സ്റ്റേഷൻ ജാമ്യം കൊടുത്തത് ശരിയായില്ലെന്ന വാദവും ശക്തമാണ്. എസ് സി-എസ് ടി ആക്ട് പ്രകാരമുള്ള കേസിൽ ഇങ്ങനെ ജാമ്യം കൊടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ പരാതിക്കാരന്റെ തീരുമാനം. യുവരാജിനെ അഴിക്കുള്ളിലാക്കുമെന്ന് പരാതിക്കാരൻ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിൽ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. നിർദ്ദോഷമായി പറഞ്ഞ തമാശയാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്കാണ് ദലിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും കുപിതരാക്കിയത്. ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നായിരുന്നു വിമർശനം.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതിനു പിന്നാലെ ടിക്ടോക്കിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്. സംസാരത്തിന്റെ ഒഴുക്കിൽ യുവരാജുപോലും അറിയാതെയാണ് വിവാദ പരാമർശം ഉണ്ടായതെങ്കിലും ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.