ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഒരു വൈകാരികമായ കത്തുമായി മുൻ താരം യുവ് രാജ് സിങ്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും കോഹ്ലിയുടെ യാത്രയെ അനുസ്മരിച്ചുകൊണ്ടാണ് കത്ത്. സ്വന്തം നിശ്ചയദാർഢ്യവും കഠിനാധ്വാനവും കാരണം കോഹ്ലി ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമാണെന്ന് പ്രസ്താവിച്ച യുവരാജ്, ഇന്ത്യയുടെ സ്റ്റാർ ബാറ്ററിൽ നിന്ന് കൂടുതൽ അവിസ്മരണീയമായ ഷോട്ടുകൾ കാണാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു.

ട്വിറ്ററിലൂടെയാണ് യുവി തന്റെ കത്ത് പുറത്തുവിട്ടത്. ഇതിനൊപ്പം കോലിക്ക് ഒരു സ്പെഷ്യൽ എഡിഷൻ ഗോൾഡൻ ബൂട്ടും യുവി സമ്മാനിച്ചു.ഇന്ത്യൻ ദേശീയ ടീമിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലും ഒന്നിച്ച് കളിച്ചിരുന്ന ഇരുവരും മൈതാനത്തിനകത്തും പുറത്തും പ്രത്യേക അടുപ്പം സൂക്ഷിക്കുന്നവരാണ്.

 

''ഡൽഹിയിൽ നിന്നുള്ള കൊച്ചുകുട്ടി വിരാട് കോഹ്ലിയോട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് പുഞ്ചിരി സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ നിങ്ങളുടെ കരിയർ ആഘോഷിക്കുന്ന ഈ പ്രത്യേക ഷൂ നിങ്ങൾക്കായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ തുടരുക. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ കളിക്കുകയും രാജ്യത്തിന് അഭിമാനം നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'' യുവരാജ് സിങ് ട്വീറ്റ് ചെയ്തു.

'വിരാട്, ഒരു വ്യക്തിയെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും നിങ്ങളുടെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. നെറ്റ്സിലെ ആ ചെറിയ പയ്യൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പം തോളോട് തോൾചേർന്ന് നടക്കുന്നു. നിങ്ങൾ ഇപ്പോൾ സ്വയം ഒരു ഇതാഹാസമാണ്, പുതിയൊരു തലമുറയ്ക്ക് വഴികാണിച്ചുകൊടുക്കുന്നയാൾ. നിങ്ങളുടെ അച്ചടക്കവും കളിക്കളത്തിലുള്ള അഭിനിവേശവും സ്‌പോർട്‌സിനോടുള്ള അർപ്പണബോധവും, നീല ജേഴ്സി സ്വപ്നം കണ്ട് ബാറ്റ് കൈയിലെടുക്കുന്ന രാജ്യത്തെ ഓരോ കൊച്ചുകുട്ടിക്കും പ്രചോദനമാണ്.' - യുവി കുറിച്ചു.

'ഓരോ വർഷവും നിങ്ങൾ നിങ്ങളുടെ ക്രിക്കറ്റിന്റെ നിലവാരം ഉയർത്തി, ഈ അത്ഭുതകരമായ ഗെയിമിൽ ഇതിനകം വളരെയധികം നേട്ടങ്ങൾ നേടിയിട്ടുണ്ട്, നിങ്ങളുടെ കരിയറിലെ ഈ പുതിയ അധ്യായത്തിൽ നിങ്ങൾ ആരംഭിക്കുന്നത് കാണാൻ ഞാൻ കൂടുതൽ ആവേശത്തിലാണ്. നിങ്ങൾ ഒരു ഇതിഹാസ ക്യാപ്റ്റനും മികച്ച നേതാവുമാണ്. നിങ്ങളുടെ മികച്ച നിരവധി റൺ ചേസുകൾ ഞാൻ പ്രതീക്ഷിക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേർത്തു.

'മൂന്ന് ഫോർമാറ്റുകളിൽ നിന്നും കോഹ്ലി അടുത്തിടെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. താൻ കളിക്കുന്നിടത്തോളം കാലം വിജയിക്കാനുള്ള തന്റെ അടങ്ങാത്ത വിശപ്പ് കോഹ്ലി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടി20യിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോർഡ് സ്വന്തമാക്കിയ യുവരാജ് കുറിച്ചു.

'നിങ്ങളുടെ ഉള്ളിലെ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ. നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണ്. ഇതാ നിങ്ങൾക്കായി ഒരു പ്രത്യേക ഗോൾഡൻ ബൂട്ട്. രാജ്യത്തിന് അഭിമാനം പകരുന്നത് തുടരുക!'' യുവരാജ് കത്ത് അവസാനിപ്പിച്ചു. 'ലോകത്തിന് മുഴുവൻ നീ കിങ് കോലിയാണെങ്കിൽ എനിക്ക് നീ എന്നും എന്റെ ചീക്കവാണ്' എന്ന് കുറിച്ചാണ് യുവി, കോലിക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്.