തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമരത്തെ ഏത് വിധേനെയും തോൽപ്പിക്കാം എന്ന ആലോചിച്ചു കൊണ്ടിരിക്കയാണ് കേരളത്തിലെ കത്തോലിക്കാ മെത്രന്മാർ. ഇതിന് കാരണം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള വൻകിട ആശുപത്രികൾ പോലും മാന്യമായി ജീവനക്കാർക്ക് ശമ്പളം നൽകാൻ തയ്യാറാകുന്നില്ല എന്നതു തന്നെയാണ്. സമര പ്രഖ്യാപിച്ച നഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഇവർ രംഗത്തെത്തിയത്. ഇടയലേഖനം പോലും നഴ്‌സുമാർക്കെതിരെ ചിലർ പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വകാര്യ മേഖലയിലെ നഴ്‌സ്മാർ സമരം പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിൽ മാനേജ്മെന്റുകൾ നഴ്സ്മാർക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച് വിടുന്നതിൽ മുന്നിൽ നിൽക്കുന്നത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ തന്നെയാണ്. രണ്ട് ദിവസം മുമ്പ് തൃശ്ശൂർ ജില്ലയിലെ പള്ളികളിൽ കുർബാന മദ്ധ്യേ നഴ്സ്മാരുടെ സമരം അന്യായമാണെന്നും വിശ്വാസികൾ ഇതിനെ പിന്തുണക്കരുതെന്നും പരസ്യമായി ആഹ്വാനം ചെയ്തു കൊണ്ട് സഭയുടെ മേലാളന്മാർ രംഗത്തെത്തിയിരുന്നു. എന്നാൽ, നക്കാപ്പിച്ച ശമ്പളം നൽകുന്ന രീതിക്കെതിരെ ശക്തമായി തന്നെ ഇവർ പ്രതികരിക്കുകയും ചെയ്തു.

നഴ്‌സിങ് സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുമ്പോൾ നഴ്‌സുമാരുടെ സമരം തികച്ചും ന്യായമാണെന്ന് വാദിച്ച് ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പ് രംഗത്തെത്തി. ഓർത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ നോർത്ത് - ഈസ്റ്റ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ് സഖറിയാസ് മാർ നിക്കോളവാസ് തൃശൂരിലെ നേഴ്‌സുമാരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. തൃശ്ശൂരിലെ നഴ്‌സിങ് സമരത്തെ കുറിച്ച് എടുത്ത പറഞ്ഞു കൊണ്ടാണ് കത്തോലിക്കാ സഭയെ വിമർശിച്ച് ബിഷപ്പ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.

ന്യായമായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്‌സുമാരുടെ പ്രതിഷേധത്തെ സഭകൾ എതിർക്കുന്നത് ആത്മീയമായും ധാർമ്മികമായും ശരിയല്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഇത് വളരെ മോശമായ സംഗതിയാണെന്നു അദ്ദേഹം പറയുന്നു. വിദേശത്ത് പണിയെടുക്കുന്ന നേഴ്‌സുമാരുടെ സംഭാവനയും നേർച്ചയുമൊക്കെ ഉപയോഗിച്ച് സഭ കെട്ടിപ്പൊക്കിയ ആശുപത്രികളിൽ പണിയെടുക്കുന്ന നേഴ്‌സ് മാർക്ക് ന്യായമായ ശമ്പളം നൽക്കാത്തത് തികഞ്ഞ അനീതിയും ദൈവ നിഷേധവുമാണെന്ന് നിക്കോള വാസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെടുന്നു.

കത്തോലിക്കാ സഭയുടെ പേര് പറയുന്നില്ലെങ്കിലും തൃശ്ശൂരിലെ നഴ്‌സുമാരുടെ സമരം എടുത്തു പറയുന്നതിലൂടെ കത്തോലിക്കാ സഭയെ തന്നെയാണ് മെത്രാപ്പൊലീത്ത ഉന്നം വെക്കുന്നത്. പള്ളിയുടെ സ്വത്ത് എന്നു പറഞ്ഞാൽ അത് വിശ്വാസ സമൂഹത്തിന്റെ സ്വത്ത് തന്നെയാണെന്ന് സ്ഥാപന മേധാവികൾ ഓർക്കണമെന്നും മെത്രാപ്പൊലിത്ത അഭിപ്രായപ്പെടുന്നു.

ന്യായമായ സമരത്തെ വിദേശത്തുള്ള നഴ്‌സുമാർ പിന്തുണക്കണമെന്ന ആവശ്യവും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുന്നോട്ടു വെക്കുന്നുണ്ട്. ഇതിന് വേണ്ടി വിദേശ നഴ്‌സുമാർ സഭയ്ക്ക് കീഴിലുള്ള ആശുപത്രി മേധാവികൾക്ക് കൂട്ടത്തോടെയോ വ്യക്തിപരമായോ പിന്തുണ നൽകണമെന്ന ആവശ്യവും മെത്രാപ്പൊലീത്ത മുന്നോട്ടു വെക്കുന്നു. മെത്രാപ്പൊലീത്തയുടെ അഭിപ്രായത്തെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് സമരം ചെയ്യുന്ന നഴ്‌സുമാർ ഏറ്റെടുത്തിരിക്കുന്നത്.

ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ പല അനർഹമായ അവകാശങ്ങളും തട്ടിയെടുക്കുന്ന ക്രൈസ്തവ സഭ നേതൃത്വം അവരുടെ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട ക്രിസ്ത്യാനികൾക്ക് വകവെച്ചു കൊടുക്കാറില്ല ആക്ഷേപവും ശക്തമാണ്. ഇതിന് തെളിവാണ് കത്തോലിക്കാ സഭയിലെ നഴ്‌സുമാർക്ക് തുച്ഛമായ ശമ്പളം നൽകുന്നതും. തൃശ്ശൂർ ജില്ലയിൽ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ സമരം നടത്തുന്ന നഴ്‌സുമാരെ വൈദികർ കുർബാന മധ്യേയാണ് ഭീഷണിപ്പെടുത്തുന്ന വിധത്തിൽ പ്രസംഗം നടത്തിയെന്ന ആക്ഷേപമുള്ളത്.

കഴിഞ്ഞ ദിവസം ഇന്ന് തൃശ്ശൂർ ജില്ലയിലെ പള്ളികളിൽ കുർബാന മദ്ധ്യേ നഴ്സ്മാരുടെ സമരം അന്യായമാണെന്നും വിശ്വാസികൾ ഇതിനെ പിന്തുണക്കരുതെന്നും പരസ്യമായി ആഹ്വാനം ചെയ്തതോടെ വിശ്വാസിയായ ഒരു നഴ്‌സ് എഴുതിയ തുറന്നകത്തും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓർത്തഡോക്‌സ് സഭയിലെ ബിഷപ്പ് സഭാ ആശുപത്രികളുടെ തോന്നിവാസത്തിനെതിരെ രംഗത്തെത്തിയത്.