ലണ്ടൻ: വെള്ളക്കാരെ അടിച്ചമർത്തണമെന്നും കൂടുതൽ പേർ ഖുറാൻ വായിക്കുകയാണെങ്കിൽ ബ്രിട്ടനിൽ ഇസ്ലാമിക ഭരണം വരുമെന്നും വിദ്യാർത്ഥി നേതാവ്. ആണും പെണ്ണും തമ്മിൽ സൗഹൃദത്തിലാകുന്നത് മതത്തിനെതിരാണെന്നും അവർ പറഞ്ഞു. സാൽഫഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സംസം ഇബ്രാഹിമിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. മാർച്ചിലാണ് ഇവർ സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വീഡിഷ്-സൊമാലി വംശജയാണ് സംസം ഇബ്രാഹിം. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം ഖുറാനാണെന്നും അങ്ങനെയുണ്ടായാൽ, ബ്രിട്ടനിൽ ഇസ്ലാമിക ഭരണമുണ്ടാകുമെനും സംസം പറയുന്നു. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിൽമാത്രമല്ല, ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള സൗഹൃദത്തിനും അതിർത്തികളുണ്ടാകണമെന്നും അവർ അഭിപ്രായപ്പെട്ടു.

സംസം വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റാവുന്നതിന് മുമ്പുള്ള കാലത്തെ ട്വീറ്റുകളിൽ പലതുമാണ് ഇപ്പോൾ വിവാദമായി വന്നിരിക്കുന്നത്. 2012 മെയ് ഒമ്പതിന് നടത്തിയ ട്വീറ്റിൽ, താനാണ് പ്രസിഡന്റെങ്കിൽ വെള്ളക്കാരെ മുഴുവൻ അടിച്ചമർത്തുമായിരുന്നുവെന്നാണ് അവർ അഭിപ്രായപ്പെട്ടത്.അടിച്ചമർത്തപ്പെട്ടവർക്കുണ്ടായ നൈരാശ്യം വെള്ളക്കാരെ ബോധ്യപ്പെടുത്തുന്നതിനാണിതെന്നും സംസ്ം ട്വീറ്റ് ചെയ്തു.

ബിസിനസ് ആൻഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ സംസം അടുത്തിടെ നാഷണൽ സ്റ്റുഡന്റ് യൂണിയൻ ബ്ലോക്ക് ഓഫ് 15-ലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത്, വംശീയ വിദ്വേഷത്തെ ചെറുക്കുന്നതിലൂന്നിനിന്നുകൊണ്ടാണ് സംസം സംസാരിച്ചിരുന്നത്.

ബ്രെക്‌സിറ്റ ഹിതപരിശോധനയ്ക്ക് ശേഷം രാജ്യത്ത് വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങൾ 41 ശതമാനത്തോളം കൂടിയെന്ന് സംസം അഭിപ്രായപ്പെട്ടു. എല്ലാത്തരത്തിലുള്ള ഹേറ്റ് ക്രൈമുകളും ഇല്ലാതാക്കുന്നതിന് ദേശീയ സ്റ്റുഡന്റ് യൂണിയൻ ചർച്ചകൾ സംഘടിപ്പിക്കണമെന്നും അവരാവശ്യപ്പെട്ടിരുന്നു.

പല ട്വീറ്റുകളും വിവാദമായതിനെത്തുടർന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് സംസം പല സന്ദേശങ്ങളും നീക്കിയതായി റിപ്പോർട്ടുണ്ട്. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതാണ് ഇവരുടെ ട്വീറ്റുകളും മറ്റുമെന്ന ആരോപണവും ഒരുവിഭാഗമുയർത്തുന്നുണ്ട്.