2006ൽ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവർ അഭിനയിച്ച അക്സർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അസ്‌കർ 2 റിലിസ് ചെയ്തിട്ട് അധിക ദിവസം ആയിട്ടില്ല. ചിത്രത്തിൽ സറീൻ ഖാനാണ് നായിക. എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം അത്ര സന്തോഷത്തിലല്ല നായിക സറീൻ ഖാൻ. സിനിമയിൽ മസാല ചേർക്കാനായി നിർമ്മാതാക്കൾ തന്നെ ഉപയോഗിച്ചുവെന്ന് സറീന്റെ ആരോപണം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് ബജാജ് രാജിനെതിരെ സറീൻ ആഞ്ഞടിച്ചത്.

തനിക്ക് മതിയായ സുരക്ഷയൊരുക്കാൻ ചിത്രത്തിന്റെ നിർമ്മാതാവായ ശ്യാം ബജാജ് തയ്യാറായില്ലെന്നും ചിത്രത്തിൽ തന്നെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് സറീൻ പറയുന്നത്.അക്സർ ടു ക്ലീൻ ചിത്രമായിരിക്കുമെന്നും ഹെയ്റ്റ് സ്റ്റോറി ത്രീ പോലെ മസാല രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരിക്കില്ലെന്നും അണിയറ പ്രവർത്തകർ തന്നോട് ആദ്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ചിത്രീകരണം ആരംഭിച്ചതോടെ അവരുടെ മട്ട് മാറിയെന്നും മിക്ക സീനുകളിലും തന്നെ കൊണ്ട അൽപ്പ വസ്ത്രം ധരിപ്പിച്ചെന്നും സറീൻ പറയുന്നു.

എന്തിനാണ് ചിത്രത്തിൽ ഇങ്ങനെ മസാല ചേർക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ പറയുന്നു. ചിത്രീകരണ ദിവസങ്ങളിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും ഓരോ ദിവസം കൂടുന്തോറും കൂടുതൽ ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

യാതൊരു കാരണവുമില്ലാതെ ചിത്രത്തിൽ ചുംബന രംഗങ്ങൾ കൂട്ടിച്ചേർത്തെന്നും അത്തരം രംഗങ്ങളുടെ ദൈർഘ്യം കൂട്ടിയെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി പോയപ്പോൾ തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും നിർമ്മാതാക്കൾ മദ്യപാനത്തിലും ഭക്ഷണത്തിലും മുഴുകിയിരിക്കുകയായിരുന്നുവെന്നും സറീൻ ആരോപിക്കുന്നു.

ചിത്രം റിലീസ് ആയിട്ടും തനിക്ക് ചിത്രം കാണാനുള്ള അവസരം നൽകിയിട്ടില്ലെന്നും സറീൻ ആരോപിക്കുന്നുണ്ട്. അതേസമയം സറീൻ ശ്രദ്ധ പിടിച്ചു പറ്റാനായി ഇല്ലാക്കഥ പറയുകയാണെന്നാണ് നിർമ്മാതാക്കളുടെ ന്യായീകരണം.