ന്യൂജനറേഷൻ സിനിമാക്കാരെ കുറിച്ചുള്ള പ്രധാന പരാതി അവർ അച്ഛനമ്മമാരില്ലാത്ത കഥകൾ സിനിമയാക്കുന്നു എന്നതാണ്. ന്യൂജനറേഷൻ ചിത്രങ്ങളിൽ അച്ഛനമ്മമാർ ഫോട്ടോകളിലോ ഒന്നോരണ്ടോ പ്രസ്താവനകളിലോ കൂടിപ്പോയാൽ ശബ്ദത്തിലോ ഒതുങ്ങുന്നു എന്നതാണ് അവസ്ഥ. അച്ഛൻ നടന്മാർ മറ്റുപലവേഷങ്ങളിലായി സിനിമയിൽ തന്നെ സജീവമായി നിൽക്കാമെന്ന് കരുതിയാലും അമ്മ നടിമാരുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.

അമ്മമാർ സിനിമയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഭാവിയിൽ വലിയ ദുരന്തത്തിന് ഇടവരുത്തുമെന്ന് പ്രമുഖ നടി സീനത്ത് പറയുന്നു. നടനായാലും നടിയായാലും ഈ അവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സീനത്ത് നാന വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആകുലപ്പെടുന്നു.

അമ്മമാരുടെ അഭാവത്തെ കുറിച്ച് അടുത്തകാലത്ത് ഏറെ ഫീൽ ചെയ്തത് സൂപ്പർഹിറ്റായ പ്രേമം സിനിമ കണ്ടപ്പോഴാണ്. നായകനായി അഭിനയിക്കുന്ന നിവിൻപോളിയുടെ അമ്മയുടെ ശബ്ദം മാത്രമേ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. സ്‌ക്രീനിൽ ആ അമ്മയുടെ മുഖം കാണിക്കുന്നേയില്ല. അതുപോലെ അച്ഛന്റെ കഥാപാത്രം രഞ്ജിമണിക്കരായി സ്‌ക്രീനിൽ ഒരു തവണമാത്രമായി ഒതുങ്ങുകയും ചെയ്തു.

ഇങ്ങനെ പോയാൽ മലയാള സിനിമയിൽ നായികാ നായകന്മാർ മാത്രം മതിയായിരിക്കുമോ എന്നും സീനത്ത് ചോദിക്കുന്നു. ഞങ്ങളെ പോലുള്ള അമ്മവേഷങ്ങളും ക്യാരക്ടർ വേഷങ്ങളും ചെയ്യുന്ന നടിമാരുടെ ഭാവിയെന്തായിരിക്കുമെന്നും സീനത്ത് ചോദിക്കുന്നു. സംഘടനയുടെ പൂർണപിന്തുണയോടെ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. തൊഴിലില്ലാതെ ഇരിക്കുന്ന നിരവധി നടീനടന്മാർ ഇപ്പോഴുണ്ട്.

തനിക്ക് ജന്മം തന്നവരാണെന്ന സത്യം പോലും മതിമറന്നാണണ്പലരും അച്ഛനമ്മമാരോട് പെരുമാറുന്നത്. സമൂഹത്തെ മൊത്തമായിബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നം എന്ന നിലയിൽ കൂടി സിനിമയിലെ മുതിർന്ന താരങ്ങളുടെ പ്രതിസന്ധിയെയും കാണണം. ഇന്നത്തെ മിക്ക സിനിമകളിലും അച്ഛനമ്മമാരും ക്യാരക്ടർ കഥാപാത്രങ്ങളും ഇല്ലാതായിട്ടുണ്ടെന്നും സീനത്ത് വിശദീകരിക്കുന്നു.

വ്യക്തിപരമായ അനുഭവം പറഞ്ഞാൽ അടുത്ത കാലത്ത് അപൂർവ്വമായി മാത്രമേ സിനിമ തന്നെ ചെയ്യാൻ പറ്റിയിട്ടുള്ളൂ എന്നും അവർ പറയുന്നു. അലീഫ് ആണ് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം തന്ന സിനിമ. കൂടാതെ കാന്താരിയും. ഇതല്ലാതെ മറ്റൊരുവേഷവും തനിക്ക് ലഭിച്ചിട്ടില്ല. ഭാവിയെ കുറിച്ചോർത്താൽ മികച്ച നിരവധി നടിമാർക്ക് ഭീതിയുണ്ടാക്കുന്ന സാഹചര്യമാണെന്നും സംഘടനയുടെ സഹായത്തോടെ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും സീനത്ത് ആവശ്യപ്പെടുന്നു.