- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂന്തറയിലും ശാസ്തംഗലത്തും താമസിക്കുന്നവർക്ക് കൂടി സിക്ക; കിംസ് ആശുപത്രിയിൽ കണ്ടെത്തിയ വൈറസ് ഇതുവരെ സ്ഥിരീകരിച്ചത് 21 പേർക്ക്; പ്രതിരോധ നടപടി ഊർജ്ജിതമാക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി; പനിയും ചുവന്ന പാടുകളും ഉള്ളവർ അതിവേഗം ചികിൽസ തേടണം
തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കൽ കോളേജിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്.
15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് 21 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് സിക്ക വൈറസ് ആദ്യം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. അതിനാൽ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എല്ലാവരും ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ