- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു മാസം വരെയുള്ള ഗർഭിണികൾക്ക് വൈറസ് പ്രശ്നമാകും; പനിയുള്ളവർ പരിശോധനയ്ക്ക് തയ്യാറാകണം; അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി; സിക്ക വൈറസ് പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ; സിക്ക ബാധിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക്
തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗബാധ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാൽ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗർഭിണികൾക്ക് സിക്ക വൈറസ് പ്രശ്നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ 5 മാസം വരെ ഗർഭിണികളായവരിൽ പനിയുണ്ടെങ്കിൽ അവർക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വർധിപ്പിക്കും. മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുന്നതാണ്.
സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനം നേരത്തെ മുതൽ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തിൽ ഡ്രൈ ഡേ ശക്തിപ്പെടുത്തുന്നതാണ്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നും നേരത്തെയയച്ച 19 സാമ്പിളുകളിൽ 13 പേർക്ക് സിക്ക പോസിറ്റീവാണെന്ന് എൻ.ഐ.വി. പൂനയിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണെല്ലാം. ഇവർ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്.
അവർ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതാണ്. ഇതുകൂടാതെ കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയിൽ 24 വയസുകാരിയിൽ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. യുവതി താമസിച്ച നന്ദൻകോട് പ്രദേശത്തും സ്വദേശമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പ്രദേശങ്ങളിൽ നിന്നും 17 സാമ്പിളുകൾ ശേഖരിച്ചിരുന്നു.
അനാവശ്യമായ ഭിതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗർഭിണികളെ സാരമായി ബാധിക്കും. അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യമുണ്ടാക്കാൻ സാധ്യതയേറെയാണ്. അതിനാൽ കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണികളാകാൻ തയ്യാറെടുക്കുന്നവർ കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, അഡീ. ഡയറക്ടർ ഡോ. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ