സൂറിച്ച്: സിക്ക വൈറസുമായി ബന്ധപ്പെട്ട കേസുകൾ സ്വിറ്റ്‌സർലണ്ടിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. ഇതുവരെ 16 പേർക്ക് സിക്ക വൈറസ് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിനെക്കാൾ കൂടുതലാണെന്നാണ് പറയപ്പെടുന്നത്.

സിക്ക വൈറസ് ബാധ ഏറിയ രാജ്യങ്ങളിൽ സന്ദർശനം കഴിഞ്ഞെത്തിയവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വിസ് ഫെഡറൽ പബ്ലിക് ഹെൽത്ത് ഓഫീസ് വെളിപ്പെടുത്തി. ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും ഗ്വാഡലൂപ്, ഇക്വഡോർ എന്നിവിടങ്ങളിൽ സന്ദർശനം കഴിഞ്ഞെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ കണ്ടെത്തുന്നത്.
80 ശതമാനം പേരിലും സിക്ക വൈറസ് ബാധയെ തുടർന്ന് രോഗലക്ഷണങ്ങളൊന്നും കാട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. ഇരുപതു ശതമാനം പേരിൽ ഫ്‌ലൂവിന് സമാനമായ രോഗലക്ഷണങ്ങളാണ് കാട്ടുന്നത്. നേരിയ പനി, ശരീരത്തിൽ തടിപ്പ്, തലവേദന, പേശീവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.

ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും.