വിയന്ന: ലോകം മുഴുവൻ ഭീതി വിതച്ചുകൊണ്ട് എത്തിയിരിക്കുന്ന സിക്ക വൈറസ് യൂറോപ്പിലെങ്ങും വ്യാപകമാകുന്നു. ഓസ്ട്രിയയിൽ ആദ്യത്തെ സിക്ക കേസ് സ്ഥിരീകരിച്ചതായി ഓസ്ട്രിയൻ ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി. ബ്രസീലിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ സ്ത്രീക്ക് സിക്ക വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബ്രസീലിൽ തുടക്കമിട്ട വൈറസ് അമേരിക്കൻ ഭൂഖണ്ഡത്തിലാകമാനം പടർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. യൂറോപ്പിലേക്കും വൈറസ് ബാധ എത്തിത്തുടങ്ങിയത് ഇവിടേയും ആശങ്ക വിതയ്ക്കുന്നു. ജർമനി, സ്‌പെയിൻ, ഡെന്മാർക്ക്, സ്വിറ്റ്‌സർലണ്ട് എന്നീ രാജ്യങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പടരാൻ സാധ്യത വളരെ കുറവാണെങ്കിലും ഇതിനെതിരേ വാക്‌സിൻ കണ്ടുപിടിക്കാത്തതും മറ്റും ആശങ്ക വർധിപ്പിക്കുകയാണ്. ഈഡിപ്പസ് കൊതുകു പരത്തുന്ന സിക്ക വൈറസ് ബാധ ഗർഭസ്ഥ ശിശുക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. രോഗം ബാധിച്ച സ്ത്രീകളിൽ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന് പൂർണ വളർച്ച പ്രാപിക്കില്ല എന്നതാണ് ഗുരുതരമായ പ്രശ്‌നം. അതുകൊണ്ടു തന്നെ ഗർഭിണികളും ഗർഭിണിയാകാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്കും ഏറെ വെല്ലുവിളിയാണ് സിക്ക വൈറസ് ഉയർത്തുന്നത്.

സിക്ക സ്ഥിരീകരിച്ച രാജ്യങ്ങിൽ സന്ദർശനം ഒഴിവാക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയവും അഭ്യർത്ഥിച്ചിട്ടുണ്ട്. സിക്ക വൈറസ് ബാധ വ്യാപകമായ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്ന് സ്വിസ് പൗരന്മാർക്ക് അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.ഈ രോഗത്തിന് ഇനിയും ചികിത്സയോ പ്രതിരോധ മരുന്നോ വികസിപ്പിച്ചെടുത്തിട്ടില്ല. ലാറ്റിനേരിക്കയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സിക്ക വൈറസിന് പത്തു വർഷത്തേക്കെങ്കിലും ഫലപ്രദമായ പ്രതിരോധം വികസിപ്പിച്ചെടുക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ വെളിപ്പെടുത്തി.