ഫ്‌ലോറിഡ: സിക്ക വൈറസ് ബാധ നാലു പേരിൽ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇട നൽകിയിരിക്കുകയാണ്. വൈറസ് ബാധ കണ്ടെത്തിയ നാലു പേരും അടുത്തകാലത്ത് യാത്ര നടത്തിയവരല്ലെന്നുാണ് അന്വേഷണത്തിൽ ബോധ്യമായിരിക്കുന്നത്. ഇതോടെ യുഎസിൽ കൊതുകുകൾ സിക്ക വൈറസ് വാഹകർ ആയിത്തീർന്നിരിക്കുന്നു എന്ന സംശയം ബലപ്പെടുകയാണ്.

വൈറസ് ഇവരിൽ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണ് ഫ്‌ലോറിഡയിലെ ആരോഗ്യപ്രവർത്തകർ. മിയാമി-ഡേഡ്, ബ്രോവാർഡ് കൗണ്ടികളിലുള്ളവർക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളിൽ അല്ലാത്തവർക്ക് സിക്ക വൈറസ് ബാധിച്ചിരുന്നത് ഒന്നുകിൽ ഈ മേഖലകളിലേക്ക് യാത്ര ചെയ്തിട്ടോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലൂടെയോ ആണ്.

ഫ്‌ലോറിഡ കേസുകളിൽ വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർ പഠനം നടത്തിവരികയാണ്. കൊതുകുജന്യ രോഗമായ സിക്ക വൈറസ് ഇവിടെയും കൊതുകുകൾ നേരിട്ടാണോ രോഗം പരത്തിയിരിക്കുന്നത് എന്നതാണ് സംശയം. സാധാരണയായി സിക്ക വൈറസ് ബാധ മുതിർന്നവരിൽ ഗുരുതരപ്രശ്‌നങ്ങൾക്കു വഴിവയ്ക്കില്ലെന്നും നവജാത ശിശുക്കളിൽ ഇത് മൈക്രോ സെഫാലി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ സിക്ക വൈറസിലെ ലോകാരോഗ്യ സംഘടന ഗ്ലോബൽ പബ്ലിക് ഹെൽത്ത് എമർജൻസിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.