ഫ്‌ലോറിഡ: സിക്ക വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും കണ്ടെത്തിയതായി ഫ്‌ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്. സംസ്ഥാനത്ത് ആദ്യം സിക്ക വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്തു നിന്ന് 70 മൈൽ ദൂരെ മാറി വെസ്റ്റ് പാം ബീച്ച് കൗണ്ടിയിലാണ് ഇപ്പോൾ വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നോർത്ത് മിയാമിക്കു സമീപം വൈറസ് ബാധ ശക്തമായ തോതിൽ നിലനിൽക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ഫ്‌ലോറിഡ ഗവർണർ റിക്ക് സ്‌കോട്ട് വെളിപ്പെടുത്തി.

മിയാമി മേഖലയിലേക്ക് യാത്ര ചെയ്ത വ്യക്തിക്കാണ് ഇപ്പോൾ സിക്ക വൈറസ് പിടിപെട്ടിരിക്കുന്നത്. മിയാമിയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പ്രത്യേകിച്ച് ഗർഭിണികൾക്ക്. സ്‌കൂൾ തുറക്കുന്ന കാലമായതിനാൽ ഈ മേഖലകളിലുള്ള സ്‌കൂളുകളിൽ കൊതുകു നിവാരണികൾ കൂടുതലായി അയയ്ക്കുന്നുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

മിയാമിയിൽ ഇതുവരെ 16 പേർക്ക് സിക്ക വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ പടരുന്നത് തടയുന്നതിനായി വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും കൊതുകിനെ തുരത്താനുള്ള സ്‌പ്രേകൾ അധികൃതർ അടിക്കുകയും ചെയ്തിരുന്നു. കഴിവതും കൊതുകു നിവാരണികൾ സ്വയം ഉപയോഗിക്കാനും അധികൃതർ നിവാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട് സിക്ക വൈറസ്.