ക്വാലാലംപൂർ: സിംഗപ്പൂരിൽ സന്ദർശനത്തിന് പോയി തിരികെ എത്തിയ സ്ത്രീക്ക് സിക്ക വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതോടെ മലേഷ്യയിലും സിക്ക വൈറസ് എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തി. നൂറിലധികം സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സിംഗപ്പൂരിൽ സന്ദർശനത്തിനു ശേഷം വ്യാഴാഴ്ചയാണ് അമ്പത്തെട്ടുകാരിക്ക് സിക്ക വൈറസ് ഉണ്ടെന്ന് വ്യക്തമായത്.

സിംഗപ്പൂരിൽ താമസിക്കുന്ന മകളെ കാണാനാണ് സ്ത്രീ സിംഗപ്പൂരിൽ എത്തിയത്. സിംഗപ്പൂരിലുള്ള മകൾക്കും സിക്ക വൈറസ് ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ക്വാലാലംപൂരിൽ തിരിച്ചെത്തിയ 58-കാരിക്ക് പനി ബാധിക്കുകയും പിന്നീട് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

സിക്ക വൈറസ് ബാധിതർ മലേഷ്യയിലും എത്തിയതിനെ തുടർന്ന് ഇതിനെതിരേ കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൊതുകു ജന്യ രോഗമായ സിക്ക വൈറസ് തുരത്താൻ കീടനാശിനികളും മറ്റ് പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാൻ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം സിംഗപ്പൂരിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച 115 പേരിൽ 13 പേർ ഇന്ത്യൻ പൗരന്മാരാണെന്നാണ് റിപ്പോർട്ടുകൾ.