മിയാമി: ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രമായ മിയാമി ബീച്ചും സിക്ക വൈറസ് ഭീതിയിൽ. സിക്ക വൈറസ് ഭീതിയെ തുടർന്ന് ഗർഭിണികൾ ഇവിടെ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിയാമി ബീച്ചിലുള്ള അഞ്ചു പേർക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വൈൻവുഡ് മേഖലകളിൽ മാത്രമാണ് സിക്ക വൈറസ് പരത്തുന്ന കൊതുകളുടെ ശല്യം ഉള്ളുവെന്നാണ് അധികൃതർ കരുതിയിരുന്നത്. മിയാമി ബീച്ചിന്റെ പടിഞ്ഞാറു വശത്തുള്ള ചെറിയ മേഖലയാണ് വൈൻവുഡ്. എന്നാൽ മിയാമി ബീച്ച് പരിസരത്തും പിന്നീട് സിക്ക വൈറസ് പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

കൊതുകളെ തുരത്താൻ ഈ മേഖലയിൽ ആരോഗ്യവകുപ്പ് കീടനാശിനിപ്രയോഗം ആരംഭിച്ചിട്ടുണ്ട്. കൊതുകുകൾ പെരുകുന്ന സീസൺ ആയതോടെ സിക്ക വൈറസിനെതിരേ ഏറെ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇനിയുള്ള മാസങ്ങൾ ഏറെ കരുതലോടെ ഇരിക്കണമെന്നും ഗർഭിണികൾ ഈ മേഖലയിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നുമാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വക്താവ് ടോം ഫ്രീഡൻ വ്യക്തമാക്കുന്നത്.

ഫ്‌ലോറിഡയിൽ ഇപ്പോൾ സിക്ക വൈറസ് ബാധിച്ച 36 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുഎസിന് പുറത്തേക്ക് യാത്ര ചെയ്തവർക്കല്ല രോഗം പിടിപെട്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.