ലണ്ടൻ: സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും(66) മകൾ യുലിയ സ്‌ക്രിപാലിനും(33) വിഷബാധയേറ്റത് സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ ആഴ്‌ച്ച നടന്ന ഈ സംഭവത്തിൽ സിസി റസ്റ്റോറന്റിൽ പോയവരും വിഷബാധയേൽക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കടുത്ത മുൻകരുതൽ എടുക്കണമെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. അവിടെ പോയിട്ടുള്ളവർ വസ്ത്രങ്ങൾ മാത്രല്ല ആഭരണങ്ങളും മൊബൈൽ ഫോണും ബാഗും വരെ ബേബി വൈപ്സ് ഉപയോഗിച്ച് കഴുകണമെന്നാണ് നിർദ്ദേശം. സാലിസ്‌ബറിയിലെ ചുരുങ്ങിയത് 500 പേരെങ്കിലും ചാരവിഷത്തിന് ഇരയായെന്നാണ് സൂചന.

റഷ്യയുടെ രഹസ്യ ഏജന്റുമാർ ഇവിടെ വിഷപ്രയോഗം നടത്തിയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഈ റസ്റ്റോറന്റിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്നവരുടെ യൂണിഫോമുകളെല്ലാം കത്തിച്ച് കളയാൻ നിർദ്ദേശമേകിയതിന് പിന്നാലെയാണ് പൊതുജനത്തിനുള്ള മുന്നറിയിപ്പും ഇന്നലെ പുറത്ത് വന്നിരിക്കുന്നത്. വിഷബാധയേറ്റ് അന്നേ ദിവസം ആശുപത്രിയിലായ സ്‌ക്രിപാലും മകളും മരണത്തോട് മല്ലിട്ടാണ് കഴിയുന്നത്. ആ ദിവസം സിസി റസ്റ്റോറന്റിലെത്തിയ ചുരുങ്ങിയത് 500 പേരെങ്കിലും ഇത്തരത്തിലുള്ള മുൻകരുതലെടുക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത് ചീഫ് മെഡിക്കൽ ഓഫീസറായ സാല്ലി ഡേവീസാണ്.

അന്ന് ആ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയവർ തങ്ങളുടെ ഫോൺ പോലും ശുചിയാക്കി വിഷബാധാ സാധ്യത ഇല്ലാതാക്കണമെന്നാണ് നിർദ്ദേശം. നെർവ് ഏജന്റിന്റെ അവശിഷ്ടങ്ങളുടെ തെളിവുകൾ ഇക്കഴിഞ്ഞ ദിവസമായിരുന്നു റസ്റ്റോറന്റിൽ വച്ച് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിത ഗതിയിയൽ പുരോഗതിക്കുന്നുമുണ്ട്. സ്‌ക്രിപാലും മകളും അപകടാവസ്ഥയിൽ ആശുപത്രിയിലായതിനെ തുടർന്ന് ഇവർക്ക് എവിടെ നിന്നാണ് വിഷബാധയുണ്ടായതെന്ന് സ്ഥിരീകരിക്കുന്നതിനായിഇത്രയും ദിവസങ്ങളായി 250 കൗണ്ടർ ടെററിസം ഓഫീസർമാരാണ് രംഗത്തിറങ്ങിയിരുന്നത്. തുടർന്ന് ശനിയാഴ്ച സിസി റസ്റ്റോറന്റിൽ വച്ച് വിഷം സംബന്ധിച്ച തെളിവുകൾ കണ്ടെടുത്ത് സ്ഥിരീകരിക്കുകയായിരുന്നു.

വിഷബാധയേറ്റ പൊലീസ് ഓഫീസറായ നിക്ക് ബെയ്ലെക്ക് ബോധം തിരിച്ച് കിട്ടിയിട്ടുണ്ട്. അന്നേ ദിവസം മിൽ പബിലോ അല്ലെങ്കിൽ സിസി റസ്റ്റോറന്റിലോ സന്ദർശിച്ചർക്ക് ആപത്തുണ്ടാകാൻ വളരെ സാധ്യത കുറവാണെന്നാണ് ചീഫ് മെഡിക്കൽ ഓഫീസറായ ഡെയിം സാല്ലി ഡേവീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ വിഷവസ്തുവുമായി ദീർഘകാലം സമ്പർക്കമുണ്ടായാൽ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് കടുത്ത മുൻകരുതൽ നടപടികൾക്കായി നിർദ്ദേശിച്ചിരിക്കുന്നതെന്നും സാല്ലി ഡേവീസ് പറയുന്നു. വയറിളക്കം, കാഴ്ച മങ്ങൽ, ഛർദി എന്നിവയാണീ വിഷബാധയുടെ ലക്ഷണങ്ങളെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഡയറക്ടറായ ഡോ. ജെന്നി ഹാരീസ് വെളിപ്പെടുത്തുന്നത്.