ദാസമയവും ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമാണെന്ന പരാതി ഭാര്യയിൽനിന്ന് കേൾക്കാത്ത ഭർത്താക്കന്മാർ ഇപ്പോൾ ചുരുക്കമാകും. സോഷ്യൽ മീഡിയക്ക് കീഴടങ്ങിയ തലമുറയിൽപ്പെട്ട മാർക്ക് സുക്കർബർഗിനും അങ്ങനെ ചീത്തകേട്ടിട്ടുണ്ടാവുമോ? ലോകത്തുള്ള ഭൂരിപക്ഷംപേരെയും അടിമകളാക്കിയ ഫേസ്‌ബുക്കിന്റെ സ്ഥാപനകനാണ് സുക്കർബർഗ്. അദ്ദേഹമാകട്ടെ, സകുടുംബം ആഘോഷിച്ച് ജീവിക്കുകയും ചെയ്യുന്നു.

മുമ്പ് ഭാര്യ പ്രിസിയ ചാനെ അടുക്കളയിൽ സഹായിക്കുന്ന ചിത്രം സുക്കർബർഗ് പോസ്റ്റ് ചെയ്തപ്പോഴും 'നമ്മളെയെല്ലാം കുടുക്കിയ വിദ്വാൻ' ഭാര്യയെ സഹായിച്ച് സ്വസ്ഥമായി ജീവിക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇപ്പോഴിതാ, രണ്ടാമത്തെ കുട്ടി ഓഗസ്റ്റിന്റെ വരവാണ് സുക്കർബർക് ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുന്നത്. മൂത്തമകൾ മാക്‌സ്, ഇളയകുഞ്ഞിനെ ഓമനിക്കുന്ന ചിത്രമാണിത്.

ഓഗസ്റ്റിന്റെ വരവിൽ താനും പ്രിസിയയും അതീവ സന്തുഷ്ടരാണെന്ന് സുക്കർബർഗ് ഫേസ്‌ബുക്കിൽ കുറിച്ചു. കുഞ്ഞ് എളുപ്പം വളർന്ന് അവളുടെ കുട്ടിത്തം ഇല്ലാതാകല്ലേ എന്ന പ്രാർത്ഥനയും അദ്ദേഹം പങ്കുവെക്കുന്നു. എങ്ങനെ വളരണമെന്ന് ഉപദേശിക്കുന്ന ഒരു കത്ത് താനും ഭാര്യയും കൂടി മാക്‌സിന് നൽകിയിരുന്നുവെന്നും അതുപോലൊന്ന് ഓഗസ്റ്റിനും നൽകുമെന്നും സുക്കർബർഗ് പറയുന്നു. വലുതാകുമ്പോൾ അവർക്ക് വായിക്കാനാണത്.

എങ്ങനെ വളരമെന്നതിനെക്കുറിച്ചല്ല, കുട്ടിക്കാലം എങ്ങനെ ചെലവിടണമെന്നതിനെക്കുറിച്ചാണ് ആ കത്ത്. വലുതാകുമ്പോൾ നിങ്ങൾ തിരക്കിലാകും. പൂക്കളുടെ സുഗന്ധം നുകർന്നും ഇഷ്ടമുള്ളതൊക്കെ ചെയ്തും ജീവിക്കാൻ കുട്ടിക്കാലം മാത്രമേ ഉണ്ടാകൂ. വീട്ടിൽ എത്രവേണമെങ്കിലും ഓടിക്കളിച്ചുവേണം വളരാനെന്നും മക്കൾക്കുള്ള കത്തിൽ സുക്കർബർഗും പ്രിസിയയും പറയുന്നു.

മാർച്ചിലാണ് പ്രിസിയ വീണ്ടും ഗർഭിണിയാണെന്ന കാര്യം സുക്കർബർഗ് പ്രഖ്യാപിച്ചത്. ഈമാസമാദ്യം താൻ രണ്ടുമാസത്തെ പ്രസവശുശ്രൂഷാ അവധി എടുക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2015-ൽ മാക്‌സ് ജനിച്ചപ്പോഴും സുക്കർബർക്ക് സമാനമായ രീതതിയിൽ അവധിയെടുത്തിരുന്നു.