കാലിഫോർണിയ: ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിനും ഫേസ്‌ബുക്ക് സ്വന്തം വീടുപോലെയാണ്. അങ്ങനെയാകുമ്പോൾ വീട്ടിലെ ഒരാഘോഷം എല്ലാവരും ഏറ്റെടുക്കില്ലേ.

ഏറ്റെടുക്കുക തന്നെ ചെയ്യും. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് മകൾ പിറന്നതോടെ സ്വന്തം വീട്ടിലെ ആഘോഷമായിത്തന്നെയാണ് സൈബർ ലോകം ഇക്കാര്യം ഏറ്റെടുത്തത്.

രണ്ടാഴ്ച മുമ്പ് ജനിച്ച മകളോടൊപ്പം ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണിപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ആഘോഷമാകുന്നത്. മകളായ മാക്‌സിന്റെ ജനനം പ്രമാണിച്ച് രണ്ട് മാസത്തെ പിതൃത്വ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് സുക്കർബർഗ്.

അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. മകളോടൊപ്പം നിലത്ത് കിടക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തശേഷം 'കുഞ്ഞു മാക്‌സിനൊപ്പം അതിയായ സന്തോഷത്തോടെ' എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. കാൽക്കോടി ലൈക്കാണു ചിത്രത്തിനു ലഭിച്ചത്.

അച്ഛനായതിനു ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ കമ്പനി ഓഹരിയിൽ നിന്നുള്ള ലാഭത്തിന്റെ 99% ചെലവഴിക്കുമെന്ന് സുക്കർബർഗ് പ്രഖ്യാപിച്ചിരുന്നു. സുക്കർബർഗും ഭാര്യയും തങ്ങൾക്കുണ്ടായ മകൾക്കെഴുതിയ തുറന്ന കത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. 45 ബില്ല്യൺ ഡോളറിന് മുകളിലാണ് സുക്കർബർഗിനും ഭാര്യ പ്രിസില്ലയ്ക്കും ഫേസ്‌ബുക്കിലുള്ള ഓഹരി മൂല്യം.

സുക്കർബർഗിന്റെ നായക്കുട്ടിയായ ബീസ്റ്റിന്റെ ചിത്രങ്ങൾ ഞായറാഴ്ച ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. യഹൂദ ആഘോഷമായ ഹനുക്കയുടെ മുന്നോടിയായാണ് സ്‌കാഫ് അണിഞ്ഞ് നിൽക്കുന്ന നായയുടെ ചിത്രം പോസ്റ്റ് ചെയ്തത്.