ന്യൂഡൽഹി: അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ഉടൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്. സൈഡസ് കാഡിലയുടെ വാക്സിൻ സൈകോവ്-ഡി ക്ക് അടുത്ത അഴ്ചയോടെ അനുമതി ലഭിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

സൈകോവ് ഡിയുടെ അടിയന്തര ഉപയോഗ അനുമതിക്കായി ജൂലായ് ഒന്നിന് സൈഡസ് കാഡില അപേക്ഷ നൽകിയിരുന്നു. 12 മുതൽ 18 വരെ പ്രായപരിധി ഉള്ളവരിൽ ഉൾപ്പെടെ, ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണവും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. അംഗീകാരം ലഭിക്കുകയാണെങ്കിൽ, 12-18 പ്രായപരിധിയിലുള്ളവർക്ക് നൽകാൻ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ സൈകോവ് ഡി ആയിരിക്കും.

മൂന്ന് ഡോസുള്ള വാക്സിനാണ് സൈകോവ്-ഡി. ഒരു ഇൻട്രാഡെർമൽ (ശിൃേമറലൃാമഹ) വാക്സിനായ സൈകോവ്-ഡി 'നീഡിൽ-ഫ്രീ ഇൻജക്ടർ' ഉപയോഗിച്ചാണ് നൽകുന്നത്. സൂചി രഹിത സംവിധാനമായതിനാൽ തന്നെ പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തിര ഉപയോഗത്തിന് രാജ്യത്ത് അനുമതി നൽകിയിരുന്നു. ഇതോടെ ഇന്ത്യയിൽ അനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക്- വി, മൊഡേണ വാക്സിനുകൾക്കാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്.