ന്യൂഡൽഹി: രാജ്യത്ത് 12 വയസിനും 18 വയസിനുമിടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ ഉടൻ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ വാക്‌സിന്റെ പരീക്ഷണം 12-18 വയസ് പ്രായപരിധിയിലുള്ളവരിൽ പൂർത്തിയായതായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

വാക്‌സിന് അന്തിമ അനുമതി ലഭിച്ച ശേഷം ഈ പ്രായപരിധിയിലുള്ളവർക്കുള്ള വാക്‌സിനേഷൻ നയം രൂപീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

2-18 വയസ് വരെയുള്ളവർക്കുള്ള വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഭാരത് ബയോടെകിന് അനുമതി നൽകിയിട്ടുണ്ടെന്നും അഡീഷ്ണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

അതേസമയം വാക്‌സിൻ ഗവേണഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം കോടതി തള്ളി. കുട്ടികൾക്കായുള്ള വാക്‌സിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു. കേസ് സെപ്റ്റംബർ ആറിന് വീണ്ടും പരിഗണിക്കും.