കുവൈത്ത് സിറ്റി:  കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം തിട്ടപ്പെടുത്തി. കുവൈത്തിലെ സ്വകാര്യ മേഖലയിലെ വിവിധ ജോലികൽ ചെയ്യുന്നവരുടെ എണ്ണമാണ് ചിട്ടപ്പെടുത്തിയത്. മാൻ പവർ പബ്ലിക്ക് അഥോറിറ്റി ലേബർ റിക്രൂട്ട്‌മെന്റ് സെക്ടർ ഡയറക്ടർ ജനറലായ മുഹമ്മദ് അൽ മൂസയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

ആകെ 1466,633 പ്രവാസികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 1338,751 പേർ പുരുഷന്മാരാണ്. 127,882 പേർ വനിതാ ജീവനക്കാരാണ്. രാജ്യത്തേക്ക് സ്‌കിൽഡ് വർക്കർമാരെ മാത്രം കൊണ്ടുവരണമെന്നും പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്നും അടുത്തിടെ അധികൃതർ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഫലമായാണ് കണക്കെടുപ്പ് നടത്തിയത്. ലേബർ മാർക്കറ്റിൽ മാറ്റം വരുത്തുന്നത് നിലവിലെ ജനസംഖ്യാ രീതി അനുസരിച്ചാണ്.

തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനും റദ്ദാക്കുന്നതിനും ഇലക്ട്രോണിക് സംവിധാനമാണ് സ്വീകരിക്കുന്നതെന്ന് അൽ മൂസ വ്യക്തമാക്കി.

അനുവദിച്ച കാലയളവിലും രാജ്യത്തിന് പുറത്തായതിനാൽ 22,019 പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദ് ചെയ്തിരുന്നു. സ്ഥിരമായി രാജ്യത്ത് നിന്ന് പോയ 27,425 പേരുടെ വർക്ക് പെർമിറ്റും റദ്ദാക്കി.  2015 സെപ്റ്റംബറിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം കുവൈറ്റിലെ പ്രവാസി തൊഴിലാളികളിൽ അധികവും ഇന്ത്യാക്കാരാണ്.