ബ്രിട്ടൺ: ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ പുറത്ത് വരുന്നത് ഇന്ത്യയുടെ നെഞ്ചു നീറ്റുന്ന ചില കഥകളാണ്. ബ്രിട്ടനൊപ്പം യുദ്ധത്തിൽ പങ്കെടുക്കാനായി ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും പുറപ്പെട്ട 15 ലക്ഷം ആളുകളുടെ കഥയാണ് ബ്രിട്ടീഷ് ലൈബ്രറിയുടെ പഴയ രേഖകളിൽ നിന്നും ലഭിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്നുമുള്ള ലക്ഷക്കണക്കിനാളുകളാണ് 1914-18 കാലയളിവൽ ബ്രിട്ടനൊപ്പം യുദ്ധം ചെയ്യാൻ നിയോഗിക്കപ്പെട്ടത്.

ഇവരിൽ ഭൂരിഭാഗം ആളുകളും പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരായിരുന്നു. കമാൻഡറുമാരുടെ നിർദ്ദേശങ്ങൾ മാത്രം അനുസരിക്കേണ്ടി വന്ന ഇവർക്ക് പട്ടാള ക്യാമ്പുകളിൽ അനുഭവിക്കേണ്ടി വന്നത് നരകയാതനയാണ്. ചമ്മട്ടി കൊണ്ടുള്ള അടിയും പട്ടിണിയും സഹിച്ചാണ് ഇവർ യുദ്ധഭൂമിയിൽ കഴിഞ്ഞിരുന്നത്. വീടുകളിലേക്ക് പോകാൻ നാളുകൾ കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. കത്തയക്കാനും അനുമതി നിഷേധിച്ചിരുന്നു. കൊടുക്കാമെന്ന് പറഞ്ഞിരുന്ന വേതനം പോലും ഇവർക്ക് കൃത്യമായി ലഭിച്ചിരുന്നില്ല.

ബ്രിട്ടീഷ് ലൈബ്രറിയിലെ ചരിത്ര ഗവേഷകനായ ജോർജ് മോർട്ടൺ 1970ൽ ലൈബ്രറിക്ക് നൽകിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1000 പേജിലധികമുള്ള രേഖയാണ് ഇത്. ഡെവിൽറ്റ് എലിൻവുഡെന്ന അമേരിക്കൻ ചരിത്ര ഗവേഷകൻ പട്ടാളക്കാരുമായി നടത്തിയ അഭിമുഖമാണിത്. നാളുകളായി എലിൻവുഡിന്റെ വീട്ടിൽ സൂക്ഷിച്ചരുന്നതാണ് ഈ രേഖകൾ.ആദ്യകാലത്ത് ഇന്ത്യൻ പട്ടാളക്കാർ പങ്കുവെച്ച അനുഭവങ്ങൾ മുഴുവനായി ചരിത്ര രേഖകളിൽ വന്നിരുന്നുമില്ല. ഇത് സെൻസറിങ്ങിന് വിധേയമാക്കിയിരുന്നു.

രേഖകൾ തർജ്ജിമ ചെയ്യുന്ന സമയത്ത് ഇവർ പറഞ്ഞിരുന്ന യാതനകളുടെ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നുവെന്നും സംശയമുണ്ട്.  എന്നാൽ ചരിത്ര രേഖകൾ പരിശോധിച്ചാൽ ഇന്ത്യൻ പട്ടാളക്കാർ വംശീയ വിവേചനത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് മോർട്ടൺ ജാക്കിന്റെ അഭിപ്രായം. സുജൻ സിങ് എന്ന 80കാരന്റെ വാക്കുൾ തന്നെ അന്നു കാലത്ത് അവർ അനുഭവിച്ചിരുന്ന യാതനകൾ പ്രതിഫലിക്കുന്നതാണ്.

'ഞങ്ങൾ അടിമകളെ പോലെയായിരുന്നെന്നും ഭയം കാരണം മിണ്ടാൻ പോലുമുള്ള സ്വാതന്ത്ര്യമില്ലായിരുന്നുവെന്നും' സുജൻ സിങ്' പറയുന്നു. ഞങ്ങളെ ഫ്രാൻസിലേക്ക് കൊണ്ടു പോയപ്പോൾ അവിടത്തെ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം കണ്ട് അവർ ഭാഗ്യവാന്മാരാണ് എന്ന് വരെ കരുതിയെന്ന് 85കാരനായ മട്ട് സിങ് പറയുന്നു. യുദ്ധം അവസാനിച്ച് 31 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും ഓർക്കണം.