തിരുവനന്തപുരം: മലേഷ്യയയിലെ ക്വാലാലംപൂരിൽ നിന്നും ഇന്നലെ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എട്ട് യാത്രക്കാരിൽ നിന്നും വയറ്റിനുള്ളിലും മലദ്വാരത്തിലുമൊളിപ്പിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണ്ണമാണ് പിടിച്ചത്. ഗുളിക രൂപത്തിലുള്ള സ്വർണം സംഘത്തിലുള്ളവർ വിഴുങ്ങിയാണ് കൊണ്ട് വന്നത്. ഒരു കിലോ 800 ഗ്രാം വരുന്ന സ്വർണമാണ് പിടികൂടിയത്.

തമിഴ്‌നാട് സ്വദേശികളായ എട്ട് പോരാണ് സംഘത്തിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളത്. ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണം പൂർണ്ണമായും പുറത്തെടുക്കുന്ന നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി 10 മണിക്ക് മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്നുമെത്തിയ മലിന്തോ എയർലൈൻസിന്റെ വിമാനത്തിലാണ് സംഘം തലസ്ഥാനത്തിലെത്തിയത്.

എട്ടംഗ സംഘത്തിലുള്ളവർ സ്ഥിരമായി വിദേശയാത്രകൾ നടത്തിയിരുന്നുവെന്നും 2, 3 ദിവസത്തെ ഇടവേളകളിൽ ഇങ്ങനെ യാത്ര ചെയ്തതാണ് കസ്റ്റംസ് അധികൃതരിൽ സംശയമുണ്ടാക്കിയതെന്നുമാണ് ലഭ്യമായ വിവരം. ഇവരെ 3 ദിവസം മുൻപ് സംശയം തോന്നി പരിശോധിച്ചെങ്കിലും കാലി ബാഗുകൾ മാത്രമാണ് കണ്ടെത്താനായത്.

എന്തിനാണ് കാലി ബാഗുകളുമായി പോകുന്നതെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് തുണി ബിസിനസാണെന്നും തുണി വാങ്ങാനാണ് പോകുന്നതെന്നും ഇവർ പറഞ്ഞിരുന്നു.തിരുപ്പൂരിൽ നിന്നും തൃച്ചിയിൽ നി്‌നനും തുളികളെടുത്ത് മടങുന്നവരെന്നാണ് പറയുന്നത്. എ്ന്നാൽ എന്തിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി യത്ര എന്ന് ചോദിക്കുമ്പോൾ ടിക്കറ്റ് ചാർജ് കുറവാണെന്നും മറ്റുമുള്ള ന്യായങ്ങളാണ് ഇവർ പറയുന്നത്.

തിരിച്ച് വന്നപ്പോഴും പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. എന്നാൽ ഇവരെ സംശയമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആദ്യമൊന്നും സംഘം സഹകരിച്ചില്ലെന്നും ബാഗുകൾ പരിശോദിച്ചോളുവെന്നും പറഞ്ഞതായാണ് സൂചന. തുടർന്നാണ് സ്വർണം വിഴുങ്ങിയതാകാമെന്ന നിഗമനത്തിൽ കസ്റ്റംസ് അധികൃതർ എത്തിചേർന്നത്. തുടർന്ന് എക്‌സ്‌റേയ് പരിശോധനയ്ക്ക വിധേയരാക്കുമെന്ന് പറഞ്ഞപ്പോഴാണ് സംഘം കുറ്റം സമ്മതിച്ചതും.

ഗുളിക രൂപത്തിലുള്ള സ്വർണം കഷ്ണങ്ങൾ കാർബൺ പേപ്പറിൽ പൊതിഞ്ഞ് അതിന് മുകളിൽ റബർ കവറിട്ടാണ് വിഴുങ്ങിയത്. ചോദ്യം ചെയ്യുന്ന സമയത്ത് സ്വർണം വിഴുങ്ങിയിരുന്നവർ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. 24 മണിക്കൂറിനുള്ളിൽ സ്വർണം പുറത്തെടുത്തില്ലെങ്കിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെടും. ഇത് അറിയാവുന്ന കസ്റ്റംസ് അധികൃതർ ഇവരോട് ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.സംഘത്തിലുള്ളവർ നിരന്തരം വെള്ളമാവിശ്യപ്പെടുകയും ചെയ്തു.

25 മുതൽ 30 ഗ്രാം വരെ വരുന്ന ഒൻപത് വീതം ഗുളികകളാണ് സംഘത്തിലെ ഓരോരുത്തരും വിഴുങ്ങിയിട്ടുള്ളത്. മലേഷ്യയിൽ നിന്നുള്ള മലിന്തോ എയർലൻസിന്റെ ഒ.ഡി 261 നമ്പർ വിമാനത്തിലാണ് ഇവരെത്തിയത്. നോട്ട് നിരോധിക്കലിന് ശേഷം വിമാനത്താവളങ്ങളിൽ സ്വർണ്ണകടത്ത് വ്യാപകമാണ്. രാജ്യത്തെ വിമാനത്താവളങ്ങളിൽ വലിയ അളവിലാണ് ഇപ്പോൾ സ്വർണ്ണവേട്ട നടക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം ആദ്യ ദിവസങ്ങളിൽ നിരവധി ഇന്ത്യൻ കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതും രാജ്യത്തുടനീളം പിടികൂടിയിരുന്നു. ഇങ്ങനെ പുറത്തേക്ക് കടത്തിയ പണത്തിന്റെ സ്വർണ്ണമാകാം ഇപ്പോൾ തിരിച്ചെത്തുന്നതെന്നാണ് കസ്റ്റംസ് നിഗമനം.

ഡെപ്യൂട്ടി കമ്മീഷണർ വാഗിഷ് കുമാർ സിങ്, അസി. കമ്മീഷണർ എസ് പ്രദീപ് കുമാർ, ഇന്റലിന്റസ് ഓഫീസർമാരായ റെജി പി, ബോബി അലോഷ്യൽ, വീർച്ചാമി എന്നിവരും ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, റാണിമോൾ, രാമചന്ദ്രൻ, ജമാലുദ്ദീൻ എന്നിവരാണ് സ്വർണ്മക്കടത്ത് പിടികൂടിയ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.