- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പണമൊന്നും വേണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നും ഉള്ള മാസ് മറുപടി; സ്വപ്നമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വിയർത്ത് കുളിച്ച് അഖിൽ; 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം പകർത്തി യൂട്യൂബറും; സോഷ്യൽ മീഡിയയിൽ കാർത്തിക് സൂര്യ ചരിത്രം രചിക്കുമ്പോൾ
കൊച്ചി: ഇന്ത്യൻ യൂട്യൂബ് ചരിത്രത്തിൽ ആദ്യമായി ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് കൊടുത്ത് യൂട്ഊബർ. കാർത്തിക് സൂര്യ എന്ന യൂട്യൂബറാണ് കൊച്ചിയിലെ ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് നൽകിയത്. ഡെലിവറി ബോയിക്ക് 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ എന്തു സംഭവിക്കും എന്നറിയാൻ വേണ്ടിയാണ് കാർത്തിക് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. കൊച്ചി സ്വദേശിയായ അഖിൽദാസ് എന്ന ഡെലിവറി ബോയിക്കാണ് 1 ലക്ഷം രൂപ ലഭിച്ചത്.
ഫെബ്രുവരി 9 നാണ് കാർത്തിക് ഡെലിവറി ബോയിയെ ഞെട്ടിച്ച് 1 ലക്ഷം രൂപ ടിപ്പ് നൽകിയത്. ഇതിനായി കാർത്തിക് സുഹൃത്തിന്റെ തമ്മനത്തെ വീട്ടിൽ എത്തി. സുഹൃത്തുക്കളോട് ഇക്കാര്യം പങ്കു വച്ചു. അദ്യം എല്ലാവരും ഇത്രയും രൂപ ടിപ്പ് കൊടുക്കുന്നു എന്ന് കേട്ട് അമ്പരന്നുപോയി. പിന്നീട് ഇതിൽ എല്ലാവരും പങ്കു ചേരുകയായിരുന്നു. അങ്ങനെ ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പിൽ നിന്നും 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്യുകയായിരുന്നു. ജ്യൂസ് ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം ആ ഭാഗ്യവാൻ ഓർഡർ സ്വീകരിച്ചു.
അഖിൽ ഹരിദാസ് എന്ന ഡെലിവറി ബോയിയാണ് ഓർഡർ സ്വീകരിച്ചത്. 36 മിനിട്ടുകൾക്ക് ശേഷം തമ്മനത്തെ വീട്ടിലേക്ക് അഖിൽ ജ്യൂസുമായി എത്തി. വാതിക്കൽ നിന്ന അഖിലിനെ കാർത്തിക്കും സുഹൃത്തുക്കളും വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റി. അൽപ്പ നേരം കണ്ണടച്ച് നിൽക്കുവാനും കൈ നീട്ടാനും അവശ്യപ്പെട്ടു. തെല്ലൊന്നമ്പരന്ന അഖിൽ എന്തിനാണ് എന്ന് ചോദിച്ച് ആദ്യം മടിച്ചു നിന്നെങ്കിലും കണ്ണടച്ചു നിന്നു. ഈ സമയം കാർത്തിക് 100 രൂപയുടെ 10 നോട്ടു കെട്ടുകൾ കയ്യിൽ വച്ചു കൊടുക്കുയായിരുന്നു.
കണ്ണു തുറന്ന അഖിലിന് ആദ്യം കാര്യമൊന്നും മനസ്സിലായില്ല. എന്തിനാണ് എന്നറിയാതെ ഭാവ വ്യത്യാസമൊന്നുമില്ലാതെ നിൽക്കുകയായിരുന്നു. 1 ലക്ഷം രൂപയുണ്ടെന്നും ഇതിൽ നിന്നും എത്ര രൂപ വേണമെങ്കിലും ടിപ്പായി എടുക്കാമെന്നും കാർത്തിക് പറഞ്ഞു. എന്നാൽ കാർത്തിക്കിനെ ഞെട്ടിച്ചു കൊണ്ട് ടിപ്പൊന്നും വേണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നും അഖിൽ മറുപടി പറഞ്ഞു.
ഇതു മുഴുവൻ അഖിലിന് നൽകിയതാണെന്നും പണം വാങ്ങാനും പറഞ്ഞിട്ടും അഖിൽ ആദ്യമൊന്നും വിശ്വസിച്ചില്ല. പിന്നീട് കാർത്തിക് 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം എന്തെന്നറിയാൻ നടത്തിയ പരീക്ഷണമാണെന്നും ആ ഭാഗ്യവാൻ അഖിൽ ആണെന്നും പറഞ്ഞു. ഇതോടെയാണ് താൻ കാണുന്നത് സ്വപ്നമല്ല എന്ന് അഖിലിന് മനസ്സിലായത്. വിയർത്ത് കുളിച്ചു നിന്ന അഖിലിന് ഓർഡർ ചെയ്ത ജ്യൂസും കുടിക്കാൻ നൽകിയാണ് കാർത്തിക് തിരിച്ചയച്ചത്.
അർഹതപ്പെട്ട ഒരാൾക്ക് പണം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കാർത്തിക് മറുനാടനോട് പ്രതികരിച്ചു. ഏറെ നാളായി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ നീണ്ടു പോകുകയായിരുന്നു. പലരോടും ആവശ്യം ഉന്നയിച്ചെങ്കിലും അധികം സബ്സ്ക്രൈബേഴ്സ് ഇല്ലാത്തതിനാൽ 1 ലക്ഷം രൂപ മുടക്കാൻ ആരും തയ്യാറായിരുന്നില്ല. അതിനിടയിലാണ് ഒരു ആപ്ലിക്കേഷന്റെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവർ പണം നൽകുകയും ചെയ്തത്. അങ്ങനെയാണ് 9 ന് കൊച്ചിയിൽ വച്ച് ഷൂട്ട് ചെയ്തത്. ഇന്ത്യയിൽ തമിഴ്നാട്ടിൽ മാത്രമാണ് മുൻപ് ഒരു വ്ളോഗർ ഇത്തരത്തിൽ ഡെലിവറി ബോയ്ക്ക് ടിപ്പ് കൊടുത്തിട്ടുള്ളത്. 50,000 രൂപയായിരുന്നു. ആദ്യമായാണ് 1 ലക്ഷം രൂപ ഒന്നിച്ച് ഒരാൾക്ക് നൽകുന്നത്. -; കാർത്തിക് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗറാണ് കാർത്തിക്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് കാർത്തിക് സൂര്യ എന്ന വ്ളോഗ് ആരംഭിക്കുന്നത്. ടെക്ക്നോപാർക്കിലെ ഒരു കമ്പനിയിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് വ്ളോഗറായത്. ഡൽഹിക്ക് പോയപ്പോൾ ലുങ്കി ഉടുത്തു കൊണ്ട് ഫ്ളൈറ്റിലും മെട്രോയിലും യാത്ര ചെയ്തത് വലിയ ഹിറ്റായിരുന്നു. പിന്നീട് ഒരു ലക്ഷം ഒരു രൂപ നാണയം കൊടുത്ത് ഐഫോൺ വാങ്ങിയ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.