മസ്‌കറ്റ്: ചെയ്ത കുറ്റത്തിന്റെ പേരിൽ ശിക്ഷാകാലാവധി കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നാട്ടിലെത്താൻ കഴിയാതെ ജയിലിൽ കഴിഞ്ഞവർക്ക് ഒടുവിൽ മോചനം. സോഹാർ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളടക്കം പത്ത് ഇന്ത്യക്കാർ ഇന്നും നാളെയുമായി നാട്ടിലെത്തും. എട്ടുമാസം മുൻപ് യുഎഇയിൽ നിന്ന് അനധികൃതമായി എത്തിയ മലയാളി യുവാക്കളാണ് ആറു മാസത്തെ ജയിൽശിക്ഷ വിധിച്ച് ജയിൽ കഴിഞ്ഞിരുന്നത്. ഇവരുടെ ശിക്ഷാ കാലവധി തീർന്ന് മാസങ്ങൾ പിന്നിട്ടിട്ടും മടങ്ങാൻ അനുമതിപത്രം ലഭിച്ചിരുന്നില്ല.

ബത്തേരി ചാമക്കാട്ടുകുന്നേൽ വിജയൻ അഖിൽ (25), കാസർകോട് മുക്കോട് കീകാനം കുന്നോത്തുകടവ് വീട്ടിൽ ഇബ്രാഹിം ബാദുഷ (29), കണ്ണൂർ വയക്കര ചെറുപുഴ കുന്നിക്കണ്ടിയിൽ വീട്ടിൽ അഷ്‌റഫ് (38), ഓച്ചിറ പായിക്കുഴി വൃന്ദാവൻ വീട്ടിൽ രഘുവരൻ രാജ്കുമാർ (40), തിരൂർ കൽപകഞ്ചേരി തെയ്യംപാട്ടിൽ മുഹമ്മദ് (38), തമി ഴ്‌നാട് മൂടെപ്പള്ളി ദാസരാം നാഗരാജു (42), ഏർവാടി സ്വദേശികളായ മുഹമ്മദ് മൊയ്തീൻ, മുഹമ്മദ് സിദ്ദിഖ്, ഹൈദരാബാദ് സ്വദേശികളായ നരസയ്യ, അലിയ റെഡ്ഡി എന്നിവരാണു മോചിതരായത്.

സാമൂഹിക പ്രവർത്തകൻ കെ. യൂസഫ് സലീമിന്റെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടർന്നാണ് എംബസി ഇവർക്ക് ഔട്ട്പാസ് ലഭ്യ മാക്കിയത്. എംബസി ഉദ്യോഗസ്ഥരായ അർ.സി. ദങ്ക്വാൽ, അബ്ദുൽ റഹീം, അഹമ്മദ് തുടങ്ങിയവരുടെ ഇടപെടലും ഇവരുടെ മോചനത്തിന് വഴിതെളിച്ചു.