ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനെക്കുറിച്ച് സഹപ്രവർത്തകർ അനുസ്മരിക്കുന്ന ഒരു കാര്യമുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിനിടെ രണ്ടു ദിവസം മാത്രമേ അദ്ദേഹം അവധിയെടുത്തിട്ടുള്ളൂ എന്നതാണത്. മാതാപിതാക്കൾ മരിച്ച ദിവസം മാത്രമായിരുന്നു ആ അവധികൾ. അത്രയേറെ ജോലിയെ പ്രണയിച്ച മനുഷ്യനായിരുന്നു അബ്ദുൾ കലാം.

യുവാക്കളെ പ്രചോദിപ്പിച്ച രാഷ്ട്രപതിയായിരുന്നു അബ്ദുൾ കലാം. അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകളേറെയുണ്ട്. ഭാവിയിലേക്ക് നോക്കിയിരുന്ന വാക്കുകളാണ് അവയൊക്കെ. ഭാവിയെ പ്രതീക്ഷയോടെ മാത്രം കണ്ടിരുന്ന ദീർഘദർശിയുടെ വാക്കുകളായിരുന്നു അവയൊക്കെ. സ്വപ്‌നം കാണാൻ നമ്മെ പഠിപ്പിച്ച മനുഷ്യനാണ് അബ്ദുൾ കലാം. സ്വപ്‌നങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ' സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നതിനുമുമ്പ് അത് സ്വപ്‌നം കാണാൻ സാധിക്കണം'. സ്വപ്‌നങ്ങളിലേക്ക് കുതിക്കാനുള്ള മനസ്സ് നമുക്കുണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മാതാപിതാ ഗുരു ദൈവം എന്ന ആപ്തവാക്യത്തോട് അദ്ദേഹത്തിന് വലിയ പഥ്യാമായിരുന്നു. രാജ്യം അഴിമതി രഹിതവും സ്വസ്ഥത നിറഞ്ഞതുമാവണമെങ്കിൽ സമൂഹത്തിലെ മൂന്ന് അംഗങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്ക് നിർവഹിക്കാനുണ്ടെന്നും അത് അച്ഛനും അമ്മയും അദ്ധ്യാപകരുമാണെന്ന് കലാം അഭിപ്രായപ്പെട്ടു.

യുവാക്കളെ ഉത്തേജിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. 'യുവാക്കളോട് എന്റെ സന്ദേശമിതാണ്. വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം കാട്ടുക, പുതിയ കണ്ടെത്തലുകൾക്കായി യത്‌നിക്കുക, ഇന്നേവരെ തുറന്നുകിട്ടിയിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുക, ആസാധ്യമെന്ന് കരുതിവയെ കണ്ടെത്തുക, പ്രതിസന്ധികളെ കീഴടക്കി മുന്നേറുക. ഇതിനുവേണ്ടിയാവണം യുവാക്കൾ പ്രവർത്തിക്കേണ്ടത്'.

പക്ഷേ, ഈ വിജയങ്ങൾക്ക് ആത്മാർപ്പണത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം കരുതി. 'ഏകാഗ്രമായ അർപ്പണമനോഭാവുണ്ടെങ്കിലേ വിജയിക്കാനാകൂ'-അദ്ദേഹം പറഞ്ഞു. വിജയത്തിലേക്ക് നമ്മെ നയിക്കേണ്ട നേതാവ് ആരായിക്കണം എന്നതിനെക്കുറിച്ചും കലാമിന് വ്യക്തതയുണ്ടായിരുന്നു.' വ്യക്തമായ ആശയവും ആഗ്രഹവുമുള്ളയാളായിരിക്കണം യഥാർഥ നേതാവ്. പ്രതിസന്ധികളെ ആശങ്കയോടെ കാണുന്നവനാകരുത്. അതിനെ മറികടക്കുന്നത് എങ്ങനെയെന്ന വ്യക്തമായ കാഴ്ടപ്പാടുണ്ടായിരിക്കണം. തലയെടുപ്പോടെ പ്രവർത്തിക്കുന്നവനായിരിക്കണം യഥാർഥ നേതാവ്'.

സ്വപ്‌നങ്ങളെ പ്രണയിച്ചിരുന്ന കലാം, വലിയ സ്വപ്‌നങ്ങൾ എന്നും വിജയിക്കുക തന്നെ ചെയ്യും എന്ന പക്ഷക്കാരനായിരുന്നു. 'വലിയ സ്വപ്‌നങ്ങൾ കാണുന്നവരുടെ വലിയ സ്വപ്‌നങ്ങൾ തീർച്ചയായും യാഥാർഥ്യമാകും'-അദ്ദേഹം കരുതി. ആ സ്വപ്‌നങ്ങൾ വരുംകാലത്തിന് വേണ്ടിയുള്ളതായിരുന്നു. ' നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയുണ്ടാകാൻ നമുക്ക് ഈ ജീവിതം സമർപ്പിക്കാം'-ഇതായിരുന്നു കലാമിന്റെ ജീവിത ദർശനം.

കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്തെയോർത്ത് വിഷമിക്കുകയല്ല, അവയെ പോസിറ്റീവായി കാണാനും അദ്ദേഹം പഠിപ്പിച്ചു. ' വിജയങ്ങൾ ആസ്വദിക്കാൻ ഇത്തരം കഷ്ടപ്പാടുകൾ ആവശ്യമാണ്' എന്ന് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞു. ഭൂമി മാത്രമല്ല, ഈ പ്രപഞ്ചം മുഴുവൻ നമ്മോട് സ്‌നേഹമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ' ആകാശത്തേയ്ക്ക് നോക്കൂ, നാം തനിച്ചല്ല. ഈ പ്രപഞ്ചം മുഴുവൻ നമ്മെ സൗഹൃദത്തോടെ നോക്കുന്നു. സ്വപ്‌നങ്ങൾ കാണുന്ന, അതിനായി കഠിനാധ്വാനം ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് നൽകാൻ അവർ ആഗ്രഹിക്കുന്നു'. ദൈവം കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും അദ്ദേഹം വിശ്വസിച്ചു.' അത് വളരെ വ്യക്തമാണ്. കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ'-മരണം വരെ വിശ്രമമില്ലാതെ പോരാടിയ ആ മനുഷ്യസ്‌നേഹി ദൈവത്തെയും അധ്വാനത്തിന്റെ ഭാഗമായി കരുതി.