ന്യൂഡൽഹി: വികസനമെന്നാൽ വിമാനത്താവളമെന്നാണ് പുതിയ വാദം. കണ്ണൂരിലും ആറന്മുളയിലും വിമാനത്താവളത്തിനായി വാദിക്കുന്നവരും വികസനമാണ് ഉയർത്തിക്കാട്ടുന്നത്. ഇതിനെ എതിർക്കുന്നവരെല്ലാം വികസന വിരോധികളും. കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളുടെ ആവശ്യമുണ്ടോ എന്ന ചോദ്യം പോലും ആരും കേൾക്കാൻ ആഗ്രഹിക്കുന്നില്ല. അതിനിടെയാണ് എർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ഈ കണക്കുകൾ പുറത്തുവിടുന്നത്. അഥോറിട്ടി 500 കോടി മുടക്കിയിട്ടും ആദ്യ വിമാനം പോലും ഇറങ്ങാത്ത പത്ത് വിമാനത്താവളങ്ങൾ ഇന്ത്യയിലുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ നിർമ്മിച്ചവയാണ് എന്നതാണ് യാഥാർത്ഥ്യം.

മഹാരാഷ്ട്രയിലെ ഗോൺഡിയയിലെ വിമാനത്താവളത്തിന്റെ കഥയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. 207.6 കോടി രൂപയാണ് ഇവിടെ വിമാനത്താവളത്തിനായി മുടക്കിയത്. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിന്റെ സ്വന്തം സ്ഥലം. ജന്മനാട്ടിൽ എയർപോർട്ട് വേണമെന്നത് എൻസിപി നേതാവിന്റെ ആവശ്യമായിരുന്നു. അങ്ങനെ വിമാനത്താവളം കെട്ടി. പക്ഷേ ആരും അങ്ങോട്ട് വിമാനവുമായി പോകാൻ തയ്യാറായില്ല. ഇതോടെ നഷ്ടം ഖജനാവിനും. ജയിസൽമീറിലേയും സിംലയിലേയും വിമാനത്താവളങ്ങൾക്കും പറയാനുള്ള സമാന കഥ തന്നെയാണ്. ഈ രണ്ട് വിമാനത്താവളങ്ങൾക്കായി യഥാക്രമം 44.5 കോടിയും 39.1കോടിയുമാണ് എയർപോർട്ട് അഥോറിട്ടി ചെലവാക്കിയത്.

ഇങ്ങനെ വിമാനം ഇറങ്ങാത്ത അഞ്ച് എയർപോർട്ടുകൾ മഹാരാഷ്ട്രയിൽ മാത്രമുണ്ട്. പ്രഫുൽ പട്ടേലിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ മൂന്നെണ്ണമുണ്ട്. ഗജറാത്തിലും രാജസ്ഥാനിലും രണ്ടെണ്ണം വീതം. ഹിമാചലിലും തമിഴ്‌നാട്ടിലും ബംഗാളിലും ഓരോന്നും. രാജ്യത്തെ ഏത് വിമാനത്താവളത്തിലേക്കും പറക്കാനുള്ള അവകാശം വിമാനക്കമ്പനികൾക്കുണ്ട്. എന്നാൽ എയർ ട്രാഫിക് കണക്കാക്കിയാണ് കമ്പനികൾ തീരുമാനം എടുക്കുക. ഈ സാഹചര്യത്തിലാണ് 15 വിമാനത്താവളങ്ങൾ പൂട്ടിക്കിടക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതകളെ കുറിച്ചും സംശയങ്ങൾ ഏറെയാണ്. മംഗലാപുരത്തും കോഴിക്കോട്ടും വിമാനത്താവളമുള്ളപ്പോൾ എന്തിനാണ് കണ്ണൂരെന്നതാണ് ഉയരുന്ന ചോദ്യം. കോഴിക്കോട്ടിന്റെ സാധ്യതകളെ പോലും കണ്ണൂർ ബാധിക്കുമെന്ന വാദവും സജീവമാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിജയത്തിന്റെ കരുത്തിലാണ് കോടികൾ കണ്ണൂരിൽ മുതലിറക്കുന്നത്. 1892 കോടി രൂപയാണ് പദ്ധതി ചെലവ്. ജിസിസി രാജ്യങ്ങളിലെയും ഏഷ്യൻ രാജ്യങ്ങളിലെയും പ്രധാന എയർക്രാഫ്റ്റുകൾ ഇവിടെ എത്തിച്ചേരാൻ ഏർപ്പാടുകൾ ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ 3400 മീറ്ററും തുടർന്ന് മൂന്നാം ഘട്ടത്തിൽ 4000 മീറ്ററും റൺവെ നിർമ്മിക്കാനാണ് ഉദ്ദേശം. ഈ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കർ ഭൂമിയിൽ 1278.89 ഏക്കർ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുക്കുകയുണ്ടായി. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കർ ഭൂമിയിൽ 612.12 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ്. ഇത്രയും കോടികൾ മുടക്കുന്നത് ലാഭകരമാകുമോ എന്ന സംശയമാണ് എയർപോർട്ട് അഥോറിട്ടി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിനും പ്രതിസന്ധി ഏറെയാണ്. കോഴിക്കോട് വിമാനത്താവളത്തിന് വീണ്ടും തിരിച്ചടിയായി എമിറേറ്റ്‌സ് എയറിന്റെ പരിശോധനാ കൗണ്ടറുകൾ പൊളിച്ചുനീക്കി കഴിഞ്ഞു. വിമാനത്താവളത്തിലെ റൺവേ നവീകരണ ജോലികൾ അവസാനഘട്ടത്തിലെത്തിയെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതി നൽകില്ലെന്നതീരുമാനത്തിൽ ഡി.ജി.സി.എ. ഉറച്ചു നിന്നതോടെയാണ് എമിറേറ്റ്‌സ് കോഴിക്കോട് സർവീസ് പൂർണമായും അവസാനിപ്പിക്കുകയാണെന്ന സൂചന നൽകി കൗണ്ടർ പൊളിച്ചു മാറ്റിയത്. ഡി.ജി.സി.എ.വിട്ടുവീഴ്ചക്കു തയ്യാറാകാത്തപക്ഷം കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി ഇരുളടയും. മാർച്ച് മാസത്തോടെ വലിയവിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്നാണ് നേരത്തേകരുതിയിരുന്നത്.

ഇതിനിടെയാണ് വൻകിട കുത്തകകൾക്ക് വേണ്ടി ആറന്മുള വിമാനത്താവളത്തിനായുള്ള വാദവും സജീവമാക്കി ചിലർ മുന്നോട്ട് പോകുന്നത്. ഈ എല്ലാ വിമാനത്താവളങ്ങൾക്ക് വേണ്ട യാത്രക്കാർ കേരളത്തിലുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല.