- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാക്ഷസ തിരമാലകൾ നാശം വിതച്ച് മടങ്ങിയിട്ട് പത്തുകൊല്ലം; സുനാമിയുടെ നടുക്കുന്ന ഓർമ്മകൾ മായാതെ ദക്ഷിണേഷ്യ; 14 രാജ്യങ്ങളിലായി ദുരന്തം 2,30,000 പേരുടെ ജീവനെടുത്തു; കൊല്ലത്തും ആലപ്പുഴയിലുമെല്ലാം ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ഒത്തുചേരൽ
കൊല്ലം: രാക്ഷസ തിരമാലകൾ ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവൻ കവർന്ന സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ്. 2004 ൽ ക്രിസ്മസിന്റെ ആലസ്യത്തിൽ നിന്നും ലോകം ഉണരുന്നതിനു മുമ്പായിരുന്നു പതിനാലിലേറെ രാജ്യങ്ങളിലായി ലക്ഷങ്ങളെ കടലെടുത്തത്. കേരളത്തിൽ മാത്രം മരിച്ചവർ 200ലേറെ വരും. കൊല്ലം ആലപ്പുഴ തീരങ്ങളിലെ അഴീക്കലുൾപ്പെടെയുള്ള പ്രദേശങ
കൊല്ലം: രാക്ഷസ തിരമാലകൾ ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവൻ കവർന്ന സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ്. 2004 ൽ ക്രിസ്മസിന്റെ ആലസ്യത്തിൽ നിന്നും ലോകം ഉണരുന്നതിനു മുമ്പായിരുന്നു പതിനാലിലേറെ രാജ്യങ്ങളിലായി ലക്ഷങ്ങളെ കടലെടുത്തത്. കേരളത്തിൽ മാത്രം മരിച്ചവർ 200ലേറെ വരും. കൊല്ലം ആലപ്പുഴ തീരങ്ങളിലെ അഴീക്കലുൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു കനത്ത നാശനഷ്ടം. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം രാവിലെ ഒമ്പതരക്കും പത്തിനുമിടയിലാണ് ലോകത്തെ ദുഃഖത്തിലാക്കി സുനാമി തിരമാലകൾ കരയിലേക്ക് ഇരച്ചു കയറയിത്.
ഇൻഡോനേഷ്യയിൽ 8.5 നും 9.1 നുമിടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു സുനാമിക്ക് കാരണമായത്. സുമാത്രയായിരുന്നു പ്രഭവ കേന്ദ്രം. ഇതെ തുടർന്ന് കടലിൽ രൂപപ്പെട്ട പ്രകമ്പനമാണ് കരയിലേക്ക് ആഞ്ഞടിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലായിരുന്നു നാശനഷ്ടങ്ങളേറെയും. അവധി ദിവസമാഘോഷിക്കാൻ ബീച്ചുകളിലത്തെിയവരും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളും ദുരന്തത്തിൽപ്പെട്ടു. ഇന്ത്യയിൽ മാത്രം പതിനായിരത്തോളം പേർ മരിച്ചു. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആൻഡമാൻ നിക്കൊബാർ ദ്വീപുകൾ, കേരള തീരങ്ങൾ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. തമിഴ്‌നാട്ടിൽ 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തു 168 പേർ മരിക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേർ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു.
കടൽ തിരമാലകൾ തീരത്തെ കാർന്നു തിന്നുകയായിരുന്നു. 30 മീറ്റർ വരെ ഉയരത്തിൽ വരെ മരണത്തിരകൾ ആഞ്ഞടിച്ചു.കേരളത്തിൽ മാത്രം 236 പേരാണ് സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടത്. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ദുരന്തം നാശം വിതച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ടു കിലോമീറ്റർ കടലോരം പൂർണമായും കടലെടുത്തു. ആലപ്പാട്ട് കടൽ തീരത്ത് മാത്രം 143 പേർ മരണപ്പെട്ടു. 3100 വീടുകൾ പൂർണമായും 2397 വീടുകൾ ഭാഗികമായും തകർന്നു. മാലി ദ്വീപിന്റെ തലസ്ഥാനമായ മാലെയുടെ മൂന്നിൽ രണ്ടുഭാഗവും വെള്ളത്തിലായി. രാജ്യത്തിന്റെ ഭാഗമായ ഡസൺകണക്കിന് ദ്വീപുകളെയും വെള്ളം മുക്കി. ശ്രീലങ്കയിൽ പത്തു ലക്ഷം പേരെയാണ് കടൽക്ഷോഭം ബാധിച്ചത്.
കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിലും ശക്തികുളങ്ങരയിലും വൻനാശനഷ്ടങ്ങളാണ് സുനാമി തിരമാലകൾ 2004 ഡിസംബർ 26ന്റെ മധ്യാഹ്നത്തിൽ വരുത്തിവച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിൽ കടലിലുണ്ടായ ഭൂകമ്പമാണ് സുനാമി തിരയുടെ രാക്ഷസരൂപം പ്രാപിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ വീശിയടിച്ച സുനാമി ആലപ്പാട് പഞ്ചായത്തിൽപെട്ട അഴീക്കൽ, സ്രായിക്കാട് എന്നിവിടങ്ങളിൽ 129 പേരുടെ ജീവനാണ് അപഹരിച്ചത്. 1475ഓളം പേർക്ക് പരിക്കേറ്റു. 3000 വീടുകൾ പൂർണമായും 2500 വീടുകൾ ഭാഗികമായും തകർക്കപ്പെട്ടു. സർക്കാർ രേഖകളിലുള്ളതിനെക്കാൾ ദയനീയമായിരുന്നു സ്ഥിതിഗതികൾ.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വള്ളവും വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കയറിക്കിടക്കാനുള്ള കിടപ്പാടവും നഷ്ടപ്പെട്ട് 38000 പേരാണ് ദുരന്തത്തിനുശേഷം സർക്കാർ തുറന്ന 53 റിലീഫ് ക്യാമ്പുകളിൽ മാസങ്ങളോളം കഴിച്ചുകൂട്ടിയത്. അയണിവേലിക്കുളങ്ങര, കുലശേഖരപുരം, ആദിനാട്, ക്ലാപ്പന, ഓച്ചിറ, കരുനാഗപ്പള്ളി, ആലപ്പാട്, ശക്തികുളങ്ങര, പന്മന എന്നിവിടങ്ങളിലാണ് റിലീഫ് ക്യാമ്പുകൾ തുറന്നത്. ഏറ്റവും കൂടുതൽ റിലീഫ് ക്യാമ്പുകൾ ആലപ്പാട് പഞ്ചായത്തിലായിരുന്നുഏഴെണ്ണം. സുമാത്രയിൽ ആഞ്ഞടിച്ച സുനാമിയുടെ പ്രതിഫലനം ആലപ്പാടിന് പുറമേ തീരപ്രദേശങ്ങളായ വാടി, തങ്കശ്ശേരി, പോർട്ട്, ഇരവിപുരം, തിരുമുല്ലവാരം, മരുത്തടി, ശക്തികുളങ്ങര എന്നിവിടങ്ങളിലുമുണ്ടായി.
കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്‌നിപർവ്വതസ്‌ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്‌ഫോടനങ്ങൾ തുടങ്ങിയവയ്ക്ക് ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുണ്ട്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായി പൊങ്ങി യുയരുന്ന കൊലയാളിത്തിരയുടെ ദുരന്തം ഏറ്റവു മധികം അനുഭവിച്ച ജപ്പാൻകാരാണ് അതിന് സുനാമി'എന്ന് പേരിട്ടത്
സമുദ്രത്തിന്റെ അടിത്തട്ടു പൊടുന്നനെ ചലിക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണ്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്‌നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്‌നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.ഉയർത്തപ്പെട്ട ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ, കുളത്തിൽ കല്ലു വീണാലെന്ന പോലെ ചുറ്റുപാടും സഞ്ചരിക്കുന്നു.
മുന്നറിയിപ്പ് സംവിധാനങ്ങളുടെ കരുത്തിൽ മാത്രമേ സുനാമി തിരുമാലകളെ അതിജീവിക്കാൻ കഴിയൂ. 2004ലെ ദുരന്തത്തിന് ശേഷം ഈ മേഖലയിൽ ഏറെ പുരോഗതിയുണ്ടായി. കടലിലെ ചെറു ഭൂചലനങ്ങൾ പോലും മുന്നറിയിപ്പ് സംവിധാനങ്ങളിൽ തെളിഞ്ഞു. തീരവാസികളെ ഒന്നടങ്കം ഒഴുപ്പിച്ചു. പക്ഷേ പത്തുകൊല്ലം മുമ്പ് ആഞ്ഞടിച്ചതു പോലുള്ള തിരമാലകൾ പിന്നീടൊരിക്കലും ലോകത്തെ വേദനിപ്പിക്കാനെത്തിയില്ല. ഇനി അത്തരമൊരു കൊലയാളി കടൽത്തിരമാല ഉണ്ടാകരുതേ എന്ന പ്രാർത്ഥനയാണ് സുനാമി ദുരുന്തിന്റെ പത്താം വാർഷിക ദിനത്തിൽ ഉയർന്ന് കേൾക്കുന്നത്.