ബാഗ്ദാദ്: സദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടിട്ട് ശനിയാഴ്ച പത്തുവർഷം തികഞ്ഞു. അമേരിക്കൻ അധിനിവേശത്തെ തന്നാലാവുന്നവിധം ചെറുത്ത സദ്ദാമിന്റെ വധശിക്ഷ 2006 ഡിസംബർ 30നാണ് ഇറാഖിലെ പാവ സർക്കാർ നടപ്പാക്കിയത്. വടക്കൻ ഇറാഖിലെ കദിമിയ്യയിലുള്ള മിലിട്ടറി ഇന്റലിജൻസ് ഹെഡ്ക്വാട്ടേഴ്‌സിലാണ് ശിക്ഷ നടപ്പാക്കിയത്. തികച്ചും നിർഭയനായി തൂക്കുമരത്തിലേക്കു നടന്നുകയറിയ സദ്ദാമിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് വധശിക്ഷയ്ക്കു നേതൃത്വം നല്കിയ മുൻ ഇറാഖി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുവഫഖ് അൽറുബായി.

സദ്ദാം ഒരു കുറ്റവാളിയും കൊലപാതകിയും കശാപ്പുകാരനും ആയിരിക്കാമെങ്കിലും അവസാന നിമിഷം വരെ ഉറച്ച മനസ്സോടെയാണ് നിലകൊണ്ടതെന്ന് അൽറുബായി വിശദീകരിക്കുന്നു. കൊലമരത്തിലേക്ക് നടക്കുമ്പോൾ താൻ ചെയ്തുകൂട്ടിയ പാപങ്ങളിൽ അദ്ദേഹം അൽപമെങ്കിലും പശ്ചാത്തപിക്കുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല. അയാൾ മാപ്പപേക്ഷിച്ചതുമില്ല. ശിക്ഷ നടപ്പാക്കുന്ന സമയത്ത് അമേരിക്കക്കാർ ആരും ഉണ്ടായിരുന്നില്ല. ഒരു തൂവെള്ള ഷർട്ടും ജാക്കറ്റുമായിരുന്നു അയാളുടെ വേഷം. ഭയത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. പശ്ചാത്താപത്തിന്റെ ഒരു വാക്കുപോലും അയാൾ ഉരിയാടിയില്ല. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോൾ സദ്ദാമിന്റെ കൈയിൽ ഒരു ഖുർആൻ ഉണ്ടായിരുന്നു. ജഡ്ജിയുടെ മുറിയിലെത്തിച്ച് കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. അപ്പോൾ സദ്ദാം ഉറക്കെ വിളിച്ചുപറഞ്ഞു. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം, ഫലസ്തീൻ നീണാൾവാഴട്ടെ, പേർഷ്യൻ പുരോഹിതർക്ക് മരണം- അൽ റുബായി പറയുന്നു.

തൂക്കിലേറ്റാൻ മുറിയിലെത്തിച്ചപ്പോൾ സദ്ദാം ഒന്നു നിന്നു. ഡോക്ടർ ഇത് ആണുങ്ങൾക്കുള്ളതാണ്, ആ തൂക്കുമരത്തെ നോക്കി സദ്ദാം പറഞ്ഞു. കാലുകൾ ബന്ധിച്ചിരുന്ന സദ്ദാമിനെ താനും അനുയായികളും ചേർന്നാണ് തൂക്കുമരത്തിന് അടുത്തെത്തിച്ചത്. അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന സത്യവാചകം സദ്ദാം ചൊല്ലി തീരുന്നതിന് തൊട്ടു മുമ്പ് ഞാൻ ലിവർ വലിച്ചു. എന്നാൽ അത് ശരിയായില്ല. പിന്നീട് മറ്റൊരാൾ വലിച്ചാണ് ശിക്ഷ നടപ്പാക്കിയത്. തന്റെ ഓഫീസിൽ സദ്ദാമിന്റെ പ്രതിമ സൂക്ഷിച്ചിരിക്കുന്ന കാര്യവും റുബായി പറഞ്ഞു.

സദ്ദാം ഹുസൈനാണ് ഭരിച്ചുകൊണ്ടിരുന്നതെങ്കിൽ ഇറാഖിന് ഇന്നത്തെ അവസ്ഥ വരില്ലായിരുന്നുവെന്ന് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത സിഐഎ ഉദ്യോഗസ്ഥൻ ജോൺ നിക്‌സൺ തന്റെ ഡീബ്രീഫിങ് ദ് പ്രസിഡന്റ്: ദ് ഇന്റെറോഗേഷൻ ഓഫ് സദ്ദാം ഹുസൈൻ (Debriefing the President: The Interrogation of Saddam Husse-in) എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കിയിരുന്നു. സദ്ദാം തുടർന്നിരുന്നെങ്കിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. അന്നു സദ്ദാമിനോട് ഒരു ബഹുമാനവും തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് ഇറാഖിന്റെ അവസ്ഥ കാണുമ്പോൾ അദ്ദേഹം എങ്ങനെയാണ് രാജ്യത്തെ നയിച്ചതെന്ന് ചിന്തിച്ചുപോകുന്നു. ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നുവെന്നും നിക്‌സൺ തന്റെ പുസ്തകത്തിൽ പറയുന്നു. സദ്ദാമായിരുന്നു ഇറാഖിന് ഉചിതമെന്നാണ് റുബായിയുടെയും, നിക്‌സണിന്റെയും വെളിപ്പെടുത്തലും, ഇറാഖിന്റെ ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കുന്നത്.

സദ്ദാമിനെ തൂക്കിലേറ്റിയിട്ട് 10 വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ ജനമനസ്സിൽ നിന്നും മരിക്കുന്നില്ലെന്ന സത്യം ഇറാഖിലെ ചില തെരുവ് കാഴ്ചകൾ വ്യക്തമാക്കുന്നു. സദ്ദാമിന്റെ ചിത്രം പതിച്ച വാച്ചുകളും, കോയിനുകളും ഇറാഖിൽ വിൽപന നടത്തുന്നുണ്ട്.