ചണ്ഡീഗഡ്: എന്താണ് സംഭവിച്ചതെന്ന പോലും അവൾക്കറിയില്ല. വയറുവീർത്തുവരുന്നതിന് കാരണം വലിയൊരു കല്ലാണെന്നാണ് കുട്ടി കരുതിയത്. സ്വന്തം വയറ്റിൽ കുഞ്ഞ് വളരുന്നുണ്ടെന്ന് അവൾ അറിഞ്ഞില്ല. ബലാൽസംഗത്തിന് ഇരയായി ഗർഭിണിയായ 10 വയസുകാരി ഇന്ന് പെൺകുഞ്ഞിന് ജന്മം നൽകി.

ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. 2.5 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനിച്ച കുഞ്ഞിനെ ദത്ത് നൽകാൻ തയാറാണെന്ന് പത്തുവയസുകാരിയുടെ രക്ഷിതാക്കൾ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാൻ ആരെങ്കിലും എത്തുന്നതുവരെ ശിശുസംരക്ഷണ സമിതിക്കു കൈമാറും.

ഗർഭച്ഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അമ്മയുടെ സഹോദരനാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കഴിഞ്ഞ ഏഴുമാസത്തിനിടെ പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയറിന് പ്രശ്‌നങ്ങൾ തോന്നിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിൽ ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.