അബുജ: നൈജീരിയയിൽ ബൊക്കോ ഹറം ഭീകരർ തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിനികൾക്കു തിരികെ നാട്ടിലേക്കു മടങ്ങാൻ വൈമുഖ്യം. ഭീകരർ തട്ടിക്കൊണ്ടു പോയ നിരവധി പെൺകുട്ടികൾ മടങ്ങിയെത്തിയിരുന്നു.

എന്നാൽ, ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണു പെൺകുട്ടികൾക്കു തിരികെ വരാൻ വിമുഖതയുണ്ടെന്ന വിവരം പുറത്തുവരുന്നത്.

ചിബോക്കിൽ നിന്ന് 2014 ഏപ്രിലിലാണ് 276 സ്‌കൂൾ വിദ്യാർത്ഥിനികളെ ബൊക്കോ ഹറം ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ അമ്പതോളം പേർ ആദ്യമേ രക്ഷപ്പെട്ടിരുന്നു. എന്നാൽ മറ്റുള്ളവർ ദുരിതപൂർണമായ സാഹചര്യത്തിൽ ഭീകരർക്കൊപ്പം കഴിയുകയായിരുന്നു.

പിടിയിലായവരിൽ 83 പേരെക്കൂടി മോചിപ്പിക്കാൻ നൈജീരിയൻ സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചതിനിടെയാണ് ഭീകരസംഘത്തെ വിട്ടുപോരാൻ നൂറോളം പെൺകുട്ടികൾ വിമുഖത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ. ഭീകരരുടെ അരികിൽ നിന്നു തിരികെവന്നാൽ സമൂഹം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാവാം തിരിച്ചുവരവിൽ നിന്നു തടയുന്നതെന്നാണു വിലയിരുത്തൽ. ഭീകരർ ഇവരിൽ പലരെയും ഭീഷണിപ്പെടുത്തി വിവാഹം ചെയ്തിരുന്നു. പലർക്കും കുട്ടികളുമുണ്ട്. 

സർക്കാരും ഭീകരരും തമ്മിൽ നടന്ന ചർച്ചകളിൽ 21 പെൺകുട്ടികളെ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു. ഇവരെ വിദേശത്തുവിട്ടു പഠിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇവർ നൈജീരിയയിൽ താമസിച്ചാൽ സാമൂഹിക വിവേചനം നേരിടേണ്ടി വന്നേക്കാം എന്നതിനാലാണിത്.