കാൺപൂർ: അസാധുവായ 100 കോടി രൂപയുടെ നോട്ടുകൾ ഉത്തർപ്രദേശിൽ പിടികൂടി. കാൺപൂരിലെ സ്വരൂപ് നഗറിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നാണ് നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എൻഐഎ, ഉത്തർപ്രദേശ് പൊലീസ് എന്നിവരുടെ സംയുക്ത റെയ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇത്രയും നിരോധിത നോട്ടുകൾ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പണിപൂർത്തിയാകാത്ത വീട്ടിൽ ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മെത്തയുടെ രൂപത്തിൽ അടുക്കിവച്ച നിലയിൽ നോട്ടുകൾ കണ്ടെടുത്തത്.

നാല് വ്യക്തികളുടേതോ കമ്പനികളുടേതോ ആണ് ഈ കറൻസിയെന്ന് എൻഐഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അനധികൃത മാർഗത്തിലൂടെ കറൻസികൾ നിയമപരമാക്കാനാണ് പണം സൂക്ഷിച്ചതെന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തിരുന്നു.