പ്രണയം അന്നും ഇന്നും പൈങ്കിളിയാണത്രേ. അതുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ പൈങ്കിളി പ്രണയവുമായി എത്തിയിരിക്കയാണ് പ്രശസ്ത സംവിധായകൻ കമലിന്റെ മകനായ നവാഗതനായ ജെനൂസ് മുഹമ്മദ് '100 ഡെയ്‌സ് ഓഫ് ലൗ' എന്ന സിനിമയിലൂടെ. കൂട്ടിന് 'ഉസ്താദ് ഹോട്ടലിലെ' പ്രണയ ജോടികളായ ദുൽഖർ സൽമാനും, നിത്യാമേനോനും. ഇതോടെ ചിത്രം കസറുമെന്ന് കരുതി ടിക്കറ്റെടുത്ത് കയാറാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു മുന്നറിയിപ്പുണ്ട്. ഒരു സ്മാർട്ട് ഫോണും കൊണ്ട് കയറിയാൽ മതി. ഈ അവസാനമത്തെുമ്പോഴൊക്കെയുള്ള അസഹനീയമായ ബോറടിക്കിടയിൽ നിങ്ങൾക്ക് ഫേസ്‌ബുക്കിൽ കുത്തിക്കളിച്ചെങ്കിലും നേരം കളയാം!

ഒറ്റവാക്കിൽ പറഞ്ഞാൽ ഒന്നാന്തരം ചവറുപടമാണിത്. കഥയില്ലായ്മ തന്നെ പ്രധാനകാരണം. 'ബാംഗ്ലൂർ ഡെയ്‌സിന്റെ' വാണിജ്യ വിജയം മുന്നിൽകണ്ട് അതേ നഗരം കേന്ദ്രമാക്കി, തന്റെ പിതാവടക്കമുള്ളവർ പലതവണ പറഞ്ഞ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വിൽക്കാൻ ശ്രമിക്കയാണ് ജെനൂസ്.

സത്യത്തിൽ ജെനൂസിനെ അത്രയ്‌ക്കൊന്നും കുറ്റം പറയേണ്ടകാര്യമില്ല. പുതിയ പയ്യനല്ലേ, നന്നാവാൻ ഇനിയെത്ര സമയമുണ്ട്.അത്രയ്ക്ക് ലോകപരിചയവും, അനുഭവവും മാത്രമല്ലേ അയാൾക്കുള്ളൂ. പക്ഷേ ഇതിലെ ഒന്നാം പ്രതി നമ്മുടെ പ്രിയ സംവിധായകൻ കമലാണ്. ഇങ്ങനെയൊരു പൊട്ടക്കഥയുമായി മകൻ വരുമ്പോൾ, അതിനെ പ്രോത്സാഹിപ്പിച്ച് കൊടുക്കാതെ, പോയി നല്ലൊരു കഥയുണ്ടാക്കെടായെന്ന് പറഞ്ഞ് ചന്തിക്ക് രണ്ടെണ്ണം പൊട്ടിച്ചിരുന്നെങ്കിൽ ഈ കലാമാരണം പ്രേക്ഷകർക്ക് മുന്നിൽ എത്തില്ലായിരുന്നു. ഇതേ കഥ കമലിനോട് മറ്റൊരു ചെറുപ്പക്കാരനാണ് പറഞ്ഞിരുന്നതെങ്കിൽ നൂറ് കുറ്റംപറഞ്ഞ് ഒഴിവാക്കി വിടില്ലായിരുന്നോ?

സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും ധൃതരാഷ്ട്രരാവുന്നു. കമലിന്റെ മകൻ അല്ലായിരുന്നെങ്കിൽ അയാൾക്ക് ഒരു പ്രൊഡ്യൂസറെ കിട്ടുമായിരുന്നോ? ചലച്ചിത്ര നിർമ്മാണമെന്നത് കുട്ടിക്കളിയാണോ. മക്കൾ രാഷ്ട്രീയംപോലെ അപലപനീയമായ ഒരു രീതി മലയാള സിനിമയിലും വളരുകയാണെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. (അടുത്തകാലത്ത് സംവിധായകരുടെയും താരങ്ങളുടെയും മക്കൾ ഒന്നിനുപിറകെ ഒന്നായി സിനിമയിൽ എത്തുന്നത് നോക്കുക. ഇതിൽ എത്രപേർക്ക് സ്വന്തമായി അസ്തിത്വമുണ്ട്)

പൊട്ടക്കഥയ്ക്ക് ബോറൻ ആഖ്യാനം

നാംപേച്ചിക്ക്, മരപ്പട്ടികൂട്ട് എന്ന് പറഞ്ഞപോലെയായിപ്പോയി ഈ സിനിമയുടെ കഥയും ആഖ്യാനവും. ദുർബലമായ കഥയെ, പ്രേക്ഷകരുടെ ക്ഷമപരീക്ഷിക്കുന്ന ആഖ്യാനംകൊണ്ട് ഇരട്ട ബോറാക്കിയിരിക്കുന്നു. ബാംഗ്ലൂരിൽ നടക്കുന്ന ഒരു ഹൈട്ടക്ക് പ്രണയത്തിലേക്കാണ് കഥയും തിരക്കഥയുംകൂടി ഒരിക്കിയ ജെനൂസ് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നത്. ബി.കെ.എൻ എന്ന ബാലൻ കെ.നായർ (ദുൽഖർ), ഉമ്മർ (ശേഖർ മേനോൻ), ഷീല (നിത്യമേനാൻ) തുടങ്ങിയ പേരുകളിൽ ഉണ്ടാകുന്ന ആകർഷണവും അതുസംബന്ധിച്ചി ചില കോമഡികളും, ഒരു വീഡിയൊ ഗെയിമിന് സമാനമായ വ്യത്യസ്തമായ തുടക്കവുാണുമ്പോൾ നമുക്ക് പ്രതീക്ഷയാവും. എന്നാൽ തുടർന്നങ്ങോട്ട് തനി പൈങ്കിളിയാവുകയാണ് ചിത്രം. രാവിലെ ഏണീറ്റാലുടൻ പ്രണയത്തെക്കുറിച്ച് മാത്രം ചിന്തിച്ചും, ഫേസ്‌ബുക്കിൽ അതിനായി അടയിരുന്നും കാലം കഴിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ എന്നാണ് ചിത്രം കണ്ടാൽ തോന്നുക. (വിഷമം വന്നാലുടൻ അവർ മദ്യപാനവും തുടങ്ങും) ഷാരൂഖ്ഖാനും, ആമിർഖാനും എന്തിന് ചില മോഹൻലാൽ ചിത്രളിലും നൂറ്റൊന്ന് ആവർത്തിച്ച അതേ പ്രണയ ലീലകളാണ് ഇതിലും.

നനുത്ത മഴയത്ത് ഒരേ ടാക്‌സിക്ക് കൈകാണിച്ച് ബാലൻ കെ.നായരും ഷീലയും കണ്ടുമുട്ടുന്നത്, നായിക വച്ചുമറന്നുപോയ കാമറയും താങ്ങി നായകൻ അവളെ അന്വേഷിക്കുന്നത്, അവർ സ്‌കൂൾമേറ്റ്‌സ് ആണെന്ന് തിരിച്ചറിയുന്നത്, നായകൻ പ്രണയംവെളിപ്പെടുത്തുമ്പോഴേക്കും നായിക എൻഗേജ്ഡായി പോവുന്നത്, അവസാനം അവർ ഒന്നിക്കുന്നത്.. മോനെ ജെനൂസെ ഇതൊക്കെ നമ്മൾ എത്രതവണ കണ്ടതാണ്. ഈ പടത്തിലാവുമ്പോൾ ഇഴഞ്ഞു നീങ്ങലിന്റെ ബോണസ് ഉണ്ടെന്ന് മാത്രം. ഇടയ്ക്ക് വ്യത്യസ്തതയ്ക്കായി ദുൽഖറിന്റെ തന്നെ സഹോദരനെയും, എവിടെയും തോറ്റുപോകുന്ന ഒരു മനുഷ്യനെയുമൊക്കെ അവതരിപ്പിക്കുന്നുണ്ടെിലും അവസാനം നമുക്ക് അറിഞ്ഞുകൂടെ നായകൻ തന്നെ ജയിക്കുമെന്ന്.
പ്രേക്ഷകന്റെ കണ്ടുമടുത്ത ചിന്താധാരക്ക് വിഭിന്നമായി ഒന്നും സംഭവിക്കുന്നില്ല എന്നതാണ് ഈ പടപ്പിന്റെ പ്രധാന പരാജയം.ടൈംസ് പത്രത്തിലെ ഫീച്ചർ എഡിറ്ററായ ബാലൻ കെ. നായർക്ക് പണിപോകുന്നതും, സുഹൃത്തായ രോമാഞ്ച് (അജുവർഗീസ്) അയാളെ പരിഹസിക്കുമ്പോഴുമൊക്കെ പ്രേക്ഷകനറിയാം വൈകാതെ ഇത് തിരിഞ്ഞുകുത്തുമെന്ന്. ബാലൻ കെ.നായരുടെ കാർട്ടൂൺ പരമ്പര എഡിറ്റർ കൊട്ടയിലിടുമ്പോൾ തന്നെ അടുത്ത ട്വിസ്റ്റ് പ്രേക്ഷകന്റെ മനസ്സിലത്തെും. നാളെ ഈ കാർട്ടൂണുകളാണ് ഇയാളെ ലോകപ്രശസ്തനാക്കുന്നതെന്ന്. അത് അങ്ങനെതന്നെ സംഭവിക്കയും ചെയ്യുന്നു! അതായത് പ്രേക്ഷകരെ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തുകൊണ്ടുള്ള കുട്ടിക്കളിയായിപ്പോയി ഈ സിനിമയെന്ന് പറയാതെ വയ്യ.

നല്ല ക്യാമറാമാന്റെ പിൻബലത്തോടെ ചിലയിടത്തൊക്കെ മികച്ച സീനീകൾ ഉണ്ടെങ്കിലും അവിടെയൊക്കെ ഇഴച്ചിൽ നേരംകൊല്ലിയാവുന്നു. ഒന്നാംപകുതി എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാം. ബോറടിയുടെ പെരുങ്കളിയാട്ടമാണ് രണ്ടാം പകുതി. വെള്ളമടിച്ച് ഫിറ്റായി, മുഖത്തൊക്കെ ചായംതേച്ച് പാതിരാത്രി നിത്യാമേനോന്റെ വീട്ടിൽ കയറി ദുൽഖർ കാണിക്കുന്ന കോപ്പിരാട്ടികളൊക്കെ ഭീകരമാണ്. അത് ശാന്തമായൊന്ന് കണ്ടുനോക്കിയാൽ ദുൽഖറിനുതന്നെ നാണം തോന്നും. അങ്ങനെ എഡിറ്റുചെയ്യപ്പെടേണ്ട ഒരുപാട് ബോറുകൾ കുത്തിനിറച്ച് രണ്ടര മണിക്കുറിന്റെ കഷായമാക്കിയിരിക്കയാണ്. ഇതിന്റെ എഡിറ്ററാണ് യഥാർഥ എഡിറ്റർ. ഈ ഭോഷ്‌ക്കുകളൊക്കെ വെട്ടിച്ചിരുക്കി ഒന്ന് ഫാസ്റ്റാക്കി രണ്ടുമണിക്കുറിനുള്ള പരിപാടി തീർത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ഒരു റെയിൽവേസ്റ്റേഷന് മുന്നിൽനിന്ന് തന്റെ പ്രണയം പറയുന്ന ദുൽഖറിൽ നിന്നാണ് കഥ തുടങ്ങുന്നത്. അപ്പോൾ നാം വിചാരിക്കും ക്ലൈമാക്‌സിൽ എന്തോ ഒരു നല്ല ട്വിസ്റ്റ് കാത്തിരിക്കുന്നെന്ന്. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. എല്ലാം പതിവുപോലെ. എന്നിട്ട് വ്യത്യസ്തമായ സിനിമയെന്ന് ക്യാപ്ഷനും! [BLURB#1-H]സമ്പന്നരായ കഥാപാത്രങ്ങളെ മാത്രം സൃഷ്ടിച്ച ആഭിജാത്യത്തിന്റെ ഒരു കൊച്ചമ്മകളി ഈ ചിത്രത്തിൽ പ്രകടമാണ്. പാർട്ടികളും ആഘോഷങ്ങളുമായി പ്രത്യേകിച്ച് യാതൊരു പ്രശ്‌നവുമില്ലാത്തവരുടെ വറ്റുകുത്തലാണ് ഇവിടെ പ്രണയം. തൊഴിലെടുത്ത് കുടംബംപോറ്റേണ്ട സാഹചര്യം ഈ സിനിമയിലെ ആർക്കുമില്ല. ജോലിപോയാലും അവർ സമ്പന്നരായതുകൊണ്ട് പേടിക്കേണ്ട. മെട്രോകളിൽ ജോലിചെയ്യുന്ന ചെറുപ്പക്കാർ നൂറായിരം പ്രശ്‌നങ്ങളിൽ നട്ടംതിരിഞ്ഞ് നേട്ടോട്ടമോടുമ്പോൾ ഈ വെള്ളരിക്കാപ്പട്ടണത്തിൽ എല്ലാം സുരക്ഷിതം. അപ്പർ മിഡിൽ ക്‌ളാസിന്റെ പൊതുബോധത്തിൽനിന്ന് മാറിച്ചിന്തിക്കാൻ സംവിധായാകനും കഴിയാത്ത് സ്പൂൺ ഫീഡിങ്ങിന്റെ ദുർബലമായ ജീവിതാനുഭവം കൊണ്ടായിരിക്കും.

ഊർജ്ജമില്ലാതെ ദുൽഖറും നിത്യയും; ആശ്വാസമായത് ശേഖർമാത്രം

[BLURB#2-VL]സിനിമയുടെ മൊത്തത്തിലുള്ള ഊർജമില്ലായ്മ കഥാപാത്രങ്ങളെയും ബാധിച്ചിട്ടുണ്ട്. 'ബാംഗ്ലൂർ ഡെയ്‌സ്', 'വിക്രമാദിത്യൻ', 'ഞാൻ' എന്നീ ചിത്രങ്ങളിലൊക്കെ അസാധ്യമായ പ്രകടനം കാഴ്ചവച്ച ദുൽഖർ, ഇതിൽ നാടൻഭാഷയിൽ പറഞ്ഞാൽ കള്ളിൽ വീണ എലിയെപ്പോലെയുണ്ട്. പനിക്കിടക്കയിൽനിന്ന് നേരിട്ട് സെറ്റിലത്തെിയപോലെ ഒരു ആരോഗ്യക്കുറവ്. അലസനും എന്നാൽ പ്രതിഭാധനനുമായ മെട്രോ മല്ലു എന്ന രീതിയിൽ ദുൽഖറിന് തകർക്കാവുന്ന വേഷമായിരുന്നു ഇത്. പക്ഷേ കഥാപാത്ര നിർമ്മിതിയിലെ പാളിച്ച ദുൽഖറിനെയും ബാധിച്ചു. മാത്രമല്ല, താരതമ്യേന പുതിയ നടനായ ദുൽഖർ തന്റെ മുൻകാല വിജയചിത്രങ്ങളായ 'ഉസ്താദ് ഹോട്ടൽ', 'ബാംഗ്ലൂർ ഡെയസ്' തുടങ്ങിയവയിലെ കഥാപാത്രങ്ങളെ അനുകരിക്കുന്നു എന്ന് തോനുന്നതും ആശാസ്യമല്ല. വ്യത്യസ്തതയും വൈവിധ്യങ്ങളുമാണ് ഒരു നടനെ നിലനിർത്തുന്നത്. മൂന്നു പതിറ്റാണ്ടു നീണ്ട അഭിനയ ജീവതത്തിനുശേഷമാണ്, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അവരുടെ പഴയകാല വിജയ ഫോർമുലകൾ ആവർത്തിക്കാൻ ശ്രമിക്കുന്നതും, അതിനുപോലും പ്രേക്ഷകരുടെ പഴി കേൾക്കുന്നതും. ദുൽഖറൊക്കെ ഇപ്പോഴേ ഇതാണ് സ്ഥിതിയെങ്കിൽ ഭാവിയിൽ എന്താവും.

മോശമാക്കിയില്ല എന്നല്ലാതെ തിളങ്ങാൻ ഈ ചിത്രത്തിൽ നിത്യാമേനോനും കഴിഞ്ഞിട്ടില്ല. 'ടാ തടിയാ'യിലുടെ പ്രശസ്തനായ ശേഖർമേനോൻ, ഉമ്മറായി മികച്ചു നിന്നതാണ് ഈ വളിപ്പുകൾക്കിടയിലെ ഏക ആശാസ്വം. കോമഡിയെന്നപേരിൽ വെറുപ്പിക്കൽ കാട്ടുന്നതിന് നമ്മൂടെ സുരാജിന് പഠിക്കയാണ് അജുവർഗീസ്. കുളിച്ചൊരുങ്ങി മേക്കപ്പിട്ട് സുന്ദരരായ ന്യൂജൻ മാതാപതാക്കളായി ചിരിച്ചു നിൽക്കുകയെന്ന ജോലിയേ, വിനീതിനും പ്രവീണയ്ക്കും ചെയ്യാനുള്ളൂ.

സധാരണ പ്രണയ ചിത്രങ്ങളിൽ പാട്ടുകൾ പൂമഴയാകാറുണ്ടെങ്കിൽ ഗോവിന്ദ് മേനോന്റെ സംഗീതവും, ബിജിപാലിന്റെ പശ്ചാത്തലവും ആവറേജിന് അൽപ്പം മുകളിൽ എന്നേ മാർക്കിടാൻ പറ്റൂ. പ്രദീഷ് വർമ്മയുടെ ക്യാമറ സൂപ്പറായിട്ടുണ്ട്. അയാൾക്ക് പണിയറിയാം. ഒറ്റ നല്ല ഗുണം കൂടി ഈ സനിമയിലുണ്ട്. ന്യൂജൻ സിനിമകളിൽ സാധാരണ കാണുള്ളപോലെ അശ്ലീലവും ദ്വയാർഥപ്രയോഗവും ഇല്ല. അത്രയും ആശ്വാസം.

വാൽക്കഷ്ണം: സിനിമയിലെ 'മക്കൾ രാഷ്ട്രീയത്തെക്കുറിച്ച്' പറഞ്ഞപ്പോൾ ദുൽഖറിനെ പരാമർശിക്കാഞ്ഞത് ബോധപൂർവമാണ്. അസാധ്യ നടന്മാരായ ദുൽഖറിനും, ഫഹദ് ഫാസിലിനുമൊന്നും പിടച്ചുനിൽക്കാൻ പാരമ്പര്യത്തിന്റെ ആവശ്യമില്ല. എന്നാൽ ദുൽഖറിന്റെ സിനിമകൾ തുടങ്ങുന്നത് മമ്മൂട്ടി ഫാൻസ് അസോസിയേഷന് നന്ദി പറഞ്ഞുകൊണ്ടാൺ ഫാൻസെന്നത് ഒരു പാരമ്പര്യ പ്രോപ്പർട്ടിയാണെന്നത് പുതിയ അറിവാണ്. മമ്മൂട്ടിയുടെ ഫാനയാതുകൊണ്ട് ഒരാൾ ദുൽഖറിന്റെയും ആരാധകനാവുമോ? ആത്മവിശ്വാസമുള്ള, ആത്മാഭിമാനമുള്ള നടനാണെങ്കിൽ അടുത്ത തവണയെങ്കിലും ഇത് തിരുത്താൻ ദുൽഖർ തയാറാവണം.