ക്രിസ്തുവിന്റെ കാലത്തോളം പഴക്കമുണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനിക്ക്. എന്നിട്ടും ജനകോടിയുടെ രണ്ട് ശതമാനം മാത്രമേ ഇവിടെ ക്രിസ്ത്യാനികൾ ഉള്ളൂ. നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ടായിട്ടും രണ്ട് വിശുദ്ധരെയാണ് സഭയ്ക്ക് ലഭിച്ചത്. അതും ഈ നൂറ്റാണ്ട് പിറന്ന ശേഷം അൽഫോൻസാമ്മയെയും ചാവറയച്ചനെയുമാണ് ഇന്ത്യൻ സഭയുടെ ആകെ വിശുദ്ധർ. ഇപ്പോൾ കേൾക്കുന്നത് ഒറ്റയടിക്ക് നൂറോളം വിശുദ്ധരെ ഇന്ത്യൻ സഭയ്ക്ക് കിട്ടുമെന്നാണ്. ഒഡീഷയിൽ കൊലചെയ്യപ്പെട്ട നൂറോളം ക്രിസ്ത്യാനികളെ ഒരുമിച്ച് വിശുദ്ധരാക്കാൻ ആണ് ആലോചന.

2008-ലാണ് ഒഡിഷയിലെ കന്ധമാലിൽ മതംമാറ്റത്തിന് വിസമ്മതിച്ച നൂറോളം പേരെ കൂട്ടക്കുരുതി ചെയ്തത്. കൂട്ടബലാൽസംഗത്തിന് ഇരയായ സ്ത്രീകളും വന്ധ്യംകരണത്തിന് വിധേയരായ പുരുഷന്മാരും കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് എത്രയും വേഗത്തിൽ നിർവഹിക്കണമെന്ന് പോപ്പിനോട് നേരിട്ട് ആവശ്യപ്പെടുമെന്ന് ഉപഭൂഖണ്ഡത്തിലെ ഏറ്റവും മുതിർന്ന കർദിനാളായ ഒസ്വാൾഡ് ഗ്രാഷ്യസ് പറഞ്ഞു.

ഒഡീഷയിൽ നടന്ന അതിക്രമങ്ങളുടെ തെളിവുകളും രേഖകളും ശേഖരിക്കാൻ ഒഡിഷയിലെ സഭാ നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏഴാഴ്ചയോളം നീണ്ട പീഡനമായിരുന്നു ക്രിസ്ത്യാനികൾക്കുനേരെ ഒഡീഷയിൽ നടന്നത്. പലരെയും ഉറ്റവരുടെ മുന്നിലിട്ട് ജീവനോടെ ചുട്ടെരിച്ചു.

ദളിത് വിഭാഗത്തിൽപ്പെട്ടവരായിരുന്നു ഇവിടെയുണ്ടായിരുന്നവർ. പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലേക്ക് മതംമാറിയ ഇവർ തിരികെ ഹിന്ദുമതത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ടാണ് അക്രമം നടന്നത്. ആസിഡ് ഒഴിച്ച് പൊള്ളിച്ചും കഴുത്തോളം മണ്ണിൽ കുഴിച്ചിട്ടും ഒട്ടേറെപ്പേർ പീഡനത്തിനിരയാവുകയും ചെയ്തു.

കന്യാസ്ത്രീകൾ ഉൾപ്പടെ ഒട്ടേറെപ്പേർ കൂട്ടബലാൽസംഗത്തിനിരയായി. ഇവരിൽ പലരെയും പിന്നീട് ജീവനോടെ കത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ ക്രൈസ്തവർ നേരിട്ട ഏറ്റവും വലിയ പീഡനമായി കന്ധമാളിലേത്. ഇവിടെ വിശ്വാസത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടിവന്നവരെ വിശുദ്ധരാക്കുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് ബോംബെ ആർച്ച് ബിഷപ്പ് കൂടിയായ ഗ്രാഷ്യസ് പറഞ്ഞു.