- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'ഇന്നലെ വരെ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഇന്നു മുതൽ അപമാനത്തിന്റെ മുദ്രകളാണ്; അത് ഉടൻ ഉപേക്ഷിക്കണം; വക്കീലന്മാർ കോടതിയിൽ പോകുന്നത് നിർത്തണം; സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല'; കോഴിക്കോട് തടിച്ചുകുടിയ കാൽലക്ഷത്തോളം ജനങ്ങളിൽനിന്ന് ഉയർന്നത് നിറഞ്ഞ കൈയടി; ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് നൂറ്റാണ്ട് തികയുമ്പോൾ
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് 100 വർഷം.ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് നിസഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും സന്ദേശം എത്തിക്കാനായിരുന്നു ഗാന്ധിജി കേരളത്തിൽ എത്തിയത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മാസ്മരിക സന്ദേശവുമായി 1920 ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 2.30 ന് , ഖിലാഫത് നേതാവ് മൗലാനാ ഷൗക്കത്തലിയുമൊത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയ മഹാത്മാഗാന്ധിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ആയിരക്കണക്കിനാളുകൾ അദ്ദേഹത്തെ സ്വീകരിക്കാൻ സ്റ്റേഷനിലെത്തി. ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ വാസസ്ഥാനത്തേക്കും സമ്മേളന സ്ഥലത്തേക്കും ആനയിച്ചത്.
ഉച്ചയ്ക്കു ശേഷം അഞ്ഞൂറോളം പേർ പങ്കെടുത്ത നേതൃയോഗത്തിലും കടപ്പുറത്ത് കാൽലക്ഷത്തിലധികം പേർ നിറഞ്ഞ പൊതുസമ്മേളനത്തിലും ഗാന്ധിജി പ്രസംഗിച്ചു. കെ.മാധവൻ നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. രാമുണ്ണി മേനോൻ 2500 രൂപയുടെ പണക്കിഴി അദ്ദേഹത്തിനു സമ്മാനിച്ചു. നിസ്സഹകരണത്തിന്റെ സത്തയും അഹിംസയുടെ ശക്തിയും ഊട്ടിയുറപ്പിച്ച വിഖ്യാതമായ പ്രസംഗത്തിൽ സർക്കാരിന്റെ ശക്തിയോട് എതിരിടാൻ രണ്ട് മന്ത്രങ്ങളാണ് ഗാന്ധിജി സ്വാതന്ത്ര്യസമരഭടന്മാരോട് ഉപദേശിച്ചത്. ഒന്ന് പരിപൂർണമായ അക്രമരാഹിത്യം, രണ്ട് ആത്മത്യാഗം. കേരളത്തിൽ, പ്രത്യേകിച്ചും മലബാറിൽ, ദേശീയ പ്രസ്ഥാനത്തിൽ നിന്നകന്നു നിന്ന ചില പ്രസ്ഥാനങ്ങളെയും പല പ്രമുഖ വ്യക്തികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഒരു മണിക്കൂർ നീണ്ട ഒരൊറ്റ പ്രസംഗത്തിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു. പിറ്റേന്ന്, അദ്ദേഹം മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.
എല്ലാ ബിരുദങ്ങളും ഉപേക്ഷിക്കുക
''ഇന്നലവരെ നമ്മൾ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഇന്നുമുതൽ അപമാനത്തിന്റെ മുദ്രകളാണ്. അത് ഉടൻ ഉപേക്ഷിക്കണം. സർക്കാരിന്റെ പ്രവൃത്തികളെ ജനനേതാക്കൾ അംഗീകരിക്കുന്നില്ലെന്നതിന്റെ ശക്തമായ ഒരു പ്രകടനമായിരിക്കും അത്. വക്കീലന്മാർ കോടതിയിൽ പോകുന്നത് നിർത്തണം. അങ്ങനെ അവർ ജനകീയാഭിപ്രായത്തെ ധിക്കരിക്കുന്ന സർക്കാരിന്റെ ശക്തിയോട് എതിരിടണം. സർക്കാർ നിയന്ത്രിക്കുന്നതും സഹായിക്കുന്നതുമായ വിദ്യാലയങ്ങളിൽനിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല...'' -കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി ഇതു പറയുമ്പോൾ വൻ കൈയടിയാണ് ഉയർന്നത്.
നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളെ ഒരുമിപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യമായിരുന്നു ഗാന്ധിജി ഏറ്റെടുത്തിരുന്നത്. അതിന്റെ ഭാഗാമായി തന്നെയായിരുന്നു കോഴിക്കോട് സന്ദർശനവും. 1920 ജൂൺ 9-ന് അലഹാബാദിൽ കൂടിയ ഖിലാഫത്ത് കമ്മിറ്റി, നിസ്സഹകരണ പ്രസ്ഥാനത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങൾക്ക് സഹായമഭ്യർഥിക്കാൻ സർക്കാരിന് നൽകിയിരുന്ന എല്ലാത്തരം സഹകരണങ്ങളും പിൻവലിച്ചുകൊണ്ട് ഇന്ത്യയിലെ ഏഴുകോടി വരുന്ന മുസ്ലിങ്ങളെ സഹായിക്കാൻ ഗാന്ധിജി ഇരുപത്തിമൂന്ന് കോടി ഹിന്ദുക്കളോട് അഭ്യർത്ഥിച്ചു.
ഇതിനിടെ കോഴിക്കോട് ഉണ്ടായ മറ്റൊരു സംഭവവും ജനങ്ങൾക്കിടയിൽ ബ്രിട്ടീഷ് വിരോധം ആളിക്കത്തിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ ധനശേഖരണാർഥം മദ്രാസ് ഗവർണർ പെൻട്ലൻഡ് കോഴിക്കോട് സന്ദർശിക്കുമ്പോൾ പണക്കിഴി സമ്മാനിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ ടൗൺഹാളിൽ കളക്ടർ 1917-ൽ ഒരു യോഗം വിളിച്ചുകൂട്ടിയത്. ഇതിൽ മലയാളത്തിൽ സംസാരിക്കാൻ, കോൺഗ്രസ് നേതാവ് കെ.പി. കേശവമേനോനെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യോഗത്തിലുണ്ടായിരുന്നവർ ബഹിഷ്കരിച്ചു. ഈ ഇറങ്ങിപ്പോക്കാണ് മലബാറിലെ കോൺഗ്രസ് പ്രവർത്തനത്തെ ശക്തിപ്പെടുത്തിയതും ഇംഗ്ലീഷുകാരോടുള്ള നാട്ടുകാരുടെ വിരോധം കൂട്ടിയതും.
പ്രശസ്ത മാധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.'ഈ സംഭവത്തോടെ മലയാളികളെ ഇംഗ്ലീഷുകാർ അടിമകളെപ്പോലെയാണ് കാണുന്നതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. 1920 ഏപ്രിലിൽ മഞ്ചേരിയിൽ ആയിരുന്നു അഞ്ചാമത്തേതും അവസാനത്തേതുമായ മലബാർ ജില്ലാസമ്മേളനം നടന്നത്. ഇതിനുശേഷം ശക്തിപ്പെട്ട രണ്ട് സംഭവങ്ങളാണ് ഗാന്ധിജിയുടെ 'നിസ്സഹരണ പ്രസ്ഥാന'വും ഇന്ത്യൻ മുസ്ലിങ്ങളുടെ 'ഖിലാഫത്ത് പ്രക്ഷോഭ'വും. ഖിലാഫത്ത് എന്ന വാക്കിന് അർഥം പ്രതിനിധി എന്നാണ്. ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങളുടെ പ്രതിനിധിയായി അവരുടെ പുണ്യസ്ഥലങ്ങൾ സംരക്ഷിച്ചത് തുർക്കി സുൽത്താനാണ്.
എന്നാൽ, ഒന്നാംലോകയുദ്ധകാലത്ത് തുർക്കി സുൽത്താൻ ബ്രിട്ടന്റെ എതിർ ചേരിയിലായിരുന്നു. ഇതുകാരണം ബ്രിട്ടനെ സഹായിക്കുന്നതിൽ ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇടയിൽ ചിന്താക്കുഴപ്പമുണ്ടായി. യുദ്ധത്തിൽ ബ്രിട്ടൻ തോറ്റാലും ജയിച്ചാലും തുർക്കി സുൽത്താന്റെ പദവിക്ക് കുറവുവരുത്തില്ലെന്ന് ബ്രിട്ടീഷ് സർക്കാർ മുസ്ലിങ്ങൾക്ക് ഉറപ്പുകൊടുത്തു. എന്നാൽ, യുദ്ധം കഴിഞ്ഞശേഷം ഇത് ലംഘിച്ചുകൊണ്ട് തുർക്കി സുൽത്താനുനേരെ നടത്തിയ കടന്നാക്രമണങ്ങൾക്ക് എതിരേ ഇന്ത്യൻ മുസ്ലിങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രക്ഷോഭമാണ് ഖിലാഫത്ത് സമരം. ഗാന്ധിജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മലബാറിൽ പലേടത്തും ഖിലാഫത്ത് കമ്മിറ്റികളുണ്ടായി.'-അദ്ദേഹം വ്യക്തമാക്കി. ഹിന്ദു- മുസ്ലിം മതമൈത്രി ഊട്ടി ഉറപ്പിക്കുന്നതിലും ഗാന്ധിജിയുടെ സന്ദർശനം നിർണ്ണായകമായി എന്ന് പിന്നീട് പലരും എഴുതിയിട്ടുണ്ട്.
രണ്ടാം സന്ദർശനം വൈക്കം സത്യാഗ്രഹത്തിനു വേണ്ടി
ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം മുഖ്യമായും വൈക്കം സത്യാഗ്രഹത്തിന്റെ വിജയം ലക്ഷ്യമാക്കിയായിരുന്നു. സാമാന്യം ദീർഘമായ യാത്ര. ഗാന്ധിജിയുടെ ആശീർവാദങ്ങളോടെ 1924 ഏപ്രിൽ ഒന്നിന് ആരംഭിച്ച സത്യഗ്രഹം ഒന്നാംവർഷത്തിലേക്കു കടക്കുന്ന വേളയിലായിരുന്നു അത്. 1925 മാർച്ച് എട്ടിന് എറണാകുളത്തെത്തിയ അദ്ദേഹം 10 ന് സത്യാഗ്രഹ ആശ്രമം സന്ദർശിച്ചു.ആ യാത്രയിൽ ശ്രീനാരായണഗുരുവിനെയും തിരുവിതാംകൂർ മഹാരാജാവിനെയും റാണിയെയും സവർണവിഭാഗം നേതാക്കളെയും അദ്ദേഹം നേരിൽക്കണ്ട് ചർച്ച നടത്തി.ഖാദിപ്രചാരണം ലക്ഷ്യമാക്കിയായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ കേരളസന്ദർശനം. 1927 ഒക്ടോബർ ഒൻപത് മുതൽ 25 വരെ. ഈ യാത്രയിലെ യോഗങ്ങളിലെല്ലാം അയിത്തത്തെയും മദ്യത്തെയും ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത ഗാന്ധിജി ആവർത്തിച്ചുകൊണ്ടിരുന്നു.നാലാമത്തെ സന്ദർശനം അയിത്തത്തിനും അവർണരുടെ അവശതകൾക്കുമെതിരായ പ്രചാരണത്തിനായിരുന്നു. 1934 ജനുവരി 10 മുതൽ 22 വരെ.
മലയാളികളെക്കുറിച്ച് ഗാന്ധിജിക്കുള്ള പ്രതീക്ഷയും വിശ്വാസവും വ്യക്തമാക്കുന്നതായിരുന്നു , പാലക്കാട് ചെയ്ത ആദ്യപ്രസംഗം. അരമണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു: 'അയിത്തത്തെ നാട്ടിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിന് മുൻകൈയെടുക്കാൻ ഞാൻ മലബാറിനോട് ആവശ്യപ്പെടുന്നു. മലയാളികൾക്ക് അതുചെയ്യാൻ കഴിഞ്ഞാൽ ഇന്ത്യ മുഴുവൻ നിങ്ങളെ പിന്തുടരും'. ഈ യാത്രാവേളയിലാണ് കൗമുദി, അന്നപൂർണ എന്നീ പെൺകുട്ടികൾ തങ്ങളുടെ സ്വർണാഭരണങ്ങൾ യാതൊരു പരപ്രേരണയുമില്ലാതെ ഗാന്ധിജിയുടെ ഹരിജൻഫണ്ടിലേക്ക് സമ്മാനിച്ചത്. ഇതിനെ ഓർത്തുകൊണ്ട് 1934 ജനുവരി 13ന് കോഴിക്കോട്ടു ചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
'ഈ രണ്ടുപേരുടെയും പ്രവൃത്തികൾ മാതൃകയായി എടുക്കാവുന്നതാണ്. മലയാളി മഹിളകൾക്ക് ഏറ്റവും ഭൂഷണമായി എനിക്കു തോന്നുന്ന ഒരു കാര്യം അവർക്ക് ലളിത ജീവിതത്തോടുള്ള പ്രിയമാണ്. അവരോളം ലളിതജീവിതം ഇഷ്ടപ്പെടുന്ന മഹിളകൾ ലോകത്തിൽ എന്റെ അറിവിൽപെട്ടിടത്തോളം വേറെയില്ല '. അവസാനത്തെ സന്ദർശനം ക്ഷേത്രപ്രവേശനവിളംബരത്തെ ുടർന്നുള്ള വിജയാഘോഷങ്ങൾക്ക് ഇടയിലായിരുന്നു. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഹരിജനങ്ങളും ഒട്ടനേകം സ്വാതന്ത്ര്യസമരസേനാനികളുമായി പ്രവേശിച്ചു കൊണ്ടാണ് അദ്ദേഹം ഒടുവിലത്തെ തീർത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചത്.
തിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങളിൽ ഗാന്ധിജി അയിത്തജാതിക്കാരോടൊപ്പം പ്രവേശിച്ചു. അവരുടെ ആഹ്ളാദത്തിൽ പങ്കുചേർന്നു. ഈ യാത്രയ്ക്കിടയിലാണ് ഗാന്ധിജി അയ്യങ്കാളിയെ അദ്ദേഹത്തിന്റെ ജന്മനാടായ വെങ്ങാനൂരിൽ പോയി കണ്ടത്. നിരവധി യോഗങ്ങളിൽ പ്രസംഗിച്ച അദ്ദേഹം ആ തീർത്ഥാടനത്തിന്റെ ഒടുവിൽ പറഞ്ഞു. 'മുമ്പൊരിക്കലും സ്വപ്നം കാണാത്ത ആദ്ധ്യാത്മിക നിധികൾ കൈവശംവച്ചു കൊണ്ടാണ് ഞാൻ മടങ്ങിപ്പോകുന്നത് '.1937 ജനുവരി 12 മുതൽ 19 വരെ നടത്തിയ ആ യാത്രയെ അദ്ദേഹം തീർത്ഥയാത്ര എന്നാണ് വിശേഷിപ്പിച്ചത്. മലയാളനാട്ടിൽ നിസ്സഹകരണപ്രസ്ഥാനത്തിനും അയിത്തത്തിനെതിരായ പോരാട്ടങ്ങൾക്കും അടിത്തറയിട്ട ഗാന്ധിജിയുടെ സന്ദർശനങ്ങൾ, പ്രഥമ സന്ദർശനത്തിന്റെ ഈ നൂറാംവർഷത്തിലും ചരിത്രവിസ്മയമായിത്തന്നെ നിലകൊള്ളുന്നു.
മറുനാടന് മലയാളി ബ്യൂറോ