തിരുവനന്തപുരം: ബാർ കോഴയും അനധികൃത സ്വത്ത് സമ്പാദനക്കേസുമെല്ലാമാണ് കേരളത്തിൽ ഇപ്പോൾ ചർച്ച. ഇതെല്ലാം കേട്ടാൽ ആവശ്യത്തിന് പണമുള്ള വികസിത സംസ്ഥാനമാണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ല. പക്ഷേ സത്യം മറ്റൊന്നാണ്. നിത്യ ചെലവിന് പോലും സംസ്ഥാന സർക്കാരിന്റെ കൈയിൽ കാശില്ല. അടുത്ത മാസം ശമ്പളവും പെൻഷനും കൊടുക്കാനായി ഖജനാവിൽ ഒന്നുമില്ലാത്ത അവസ്ഥ. അതുകൊണ്ട് തന്നെ പൊതു വിപണയിൽ നിന്ന് കടമെടുത്ത് ദൈനംദിന കാര്യങ്ങൾ ചെയ്യുന്ന പതിവ് ഈ മാസവും തുടരേണ്ട ഗതിയിലാണ് കേരളം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസവും കേരളം കടപ്പത്രം ഇറക്കും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടി രൂപയുടെ കടപ്പത്രമാണ് പുറപ്പെടുവിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഡിസംബർ മാസത്തെ ശമ്പളവും പെൻഷനും നൽകാൻ കാശില്ലാത്തതിനാലാണ് കടപ്പത്രം ഇറക്കുന്നത്. ഇതിന്റെ ലേലം നവംബർ 25ന് മുംബൈ ഫോർട്ടിലുള്ള റിസർവ്വ് ബാങ്കിന്റെ ഓഫീസിൽ നടക്കും. 10 വർഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കിക്കൊണ്ട് ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലാണ്. നികുതിപിരിവ് കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. പ്രതിസന്ധി നേരിടുമ്പോഴും വാണിജ്യ നികുതി കുടിശ്ശിക പിരിവിന് രാഷ്ട്രീയ സമ്മർദ്ദം നിമിത്തം സ്റ്റേ ഓർഡർ കൊടുക്കുന്നുണ്ടെന്നാണ് വിമർശനം. നികുതി കുടിശ്ശിക പിരിക്കാനുള്ള നടപടികൾ അതിനാൽത്തന്നെ ഊർജ്ജിതമാക്കാനായിട്ടില്ല. സംസ്ഥാന മദ്യനയത്തെ ഹൈക്കോടതി അംഗീകരിച്ചാൽ ബാറുകളും കൂട്ടും. ഇതോടെ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

പെട്രോളിന്റേയും ഡീസലിന്റേയും വില ഇനിയും കുറയാനിടയുണ്ട്. ഇതിലൂടെ നികുതി വരുമാനവും കുറയും. പെട്രോളിനും ഡീസലിനും വിലകുറയുമ്പോൾ സർക്കാർ നികുതി കൂട്ടിയാൽ അത് വിമർശനമുണ്ടാക്കും. ഇത് അറിയാമായിരുന്നിട്ടും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നികുതി കൂട്ടി. വില കുറഞ്ഞാൽ ഇന്ധന നികൂതി കൂട്ടിയേ മതിയാകൂ എന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതിനൊപ്പം ഡിസംബർ മാസത്തിൽ ക്രിസ്മസിന് മുന്നോടിയായി ജനുവരിയിലെ ശമ്പളവും നൽകുന്ന പതിവ് തുടരുകയും വേണം. ഇതു കൂടിയാകുമ്പോൾ ഡിസംബർ അവസാനത്തോടെ സാമ്പത്തിക അടിത്തറ പൂർണ്ണമായും തെറ്റുമെന്നാണ് ധനവകുപ്പിന്റെ തന്നെ കണക്കുകൂട്ടൽ.

നികുതി ഇനത്തിലും മറ്റും ലഭിക്കുന്ന തുകയിൽ നല്ലൊരു പങ്കും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ ശ്രമിക്കുന്നതു കൊണ്ട് നാൾക്ക് നാൾ സംസ്ഥാന സർക്കാറിന്റെ കടം പെരുകുകയാണ്. ഓരോ തവണയും ശമ്പളത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ കടെമടുക്കുന്ന പതിവ് സർക്കാർ ഇപ്പോഴും തെറ്റിച്ചില്ല. അടുത്തമാസം ശമ്പളവും പെൻഷനും നൽകണമെങ്കിൽ ഖജനാവിൽ ഒന്നുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ മാസവും ശമ്പളം നൽകാനായി പൊതുവിപണിയിൽനിന്ന് 500 കോടി കൂടി കടമെടുത്തിരുന്നു. ഈ മാതൃക ഇത്തവണയും തുടരുകയാണ്.

ഈ സാമ്പത്തിക വർഷം 13,000 കോടിയിലേറെ രൂപയാണ് കടമെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പരിധി. ഇപ്പോഴത്തേതും കൂടിയാകുമ്പോൾ അതിൽ 98500 കോടിയും കടമെടുത്തു കഴിയും. സാമ്പത്തിക വർഷത്തിൽ ഇനി നാല് മാസം അവശേഷിക്കുന്നുണ്ട്. ഇതോടെ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ കടുത്ത പ്രതിസന്ധി രൂപപ്പെടുമെന്ന് ഉറപ്പായി.

വരുമാനം കൂട്ടാൻ 3000 കോടിയുടെ അധിക നികുതി ഏർപ്പെടുത്തിയിട്ടും വീണ്ടും വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയിലാണ് സർക്കാർ. പ്രതിമാസം 1000 കോടിയുടെ കുറവ് ചെലവിൽ നേരിടുന്നു. ഇത് മറികടക്കാനാണ് പണം കടം വാങ്ങുന്നത്. ഇപ്പോൾ എടുക്കുന്ന 1000 കോടികൂടി ചേരുമ്പോൾ കേരളത്തിന്റെ ഇതുവരെയുള്ള പൊതുകടം 1,27,000 കോടി കവിയും. മാർച്ച് 31 വരെ 1,17,595.70 കോടിയായിരുന്നു ഇത്. ഈ സാമ്പത്തികവർഷാവസാനം പൊതുകടം 1,31,578 കോടി എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.