കാൺപൂർ: കശ്മീരിൽ സൈന്യത്തിനെതിരെ പ്രതിഷേധക്കാരുടെ കല്ലേറ് തുടരുന്ന സാഹചര്യത്തിൽ സൈനികരുടെ മനോവീര്യം ഉയർത്താൻ ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാർ കശ്മീരിലേക്ക്. കാൺപൂർ ആസ്ഥാനമായുള്ള ജൻസേന എന്ന മതസംഘടനയിലെ ആയിരം പേരാണ് കശ്മീരിലേക്ക് പോകുന്നത്.

ഇവർ ഞാറായറാഴ്ച കശ്മീരിലേക്ക് തിരിക്കുമെന്ന് ജൻസേന സ്ഥാപകൻ ബാൽയോഗി അരുൺ പുരി ചൈതന്യ മഹാരാജ് പറഞ്ഞു. 100 കാറുകളിലും മൂന്ന് ബസുകളിലുമായായിരിക്കും സന്യാസിമാർ പോവുക.

ഇതോടൊപ്പം ഒരു ട്രക്ക് നിറയെ കല്ലുകളും കൊണ്ടുപോകുമെന്നും സൈന്യത്തിന് നേരെ കല്ലെറിയുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്നും അരുൺ പുരി കൂട്ടിച്ചേർത്തു.
ജവാന്മാരുടെ ആത്മധൈര്യം വർധിപ്പിക്കുന്നതിന് തങ്ങളെ കശ്മീരിലേക്ക് പോകാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി തേടിയിരുന്നെന്നും എന്നാൽ ഇതിന് അനുവാദം കിട്ടിയില്ലെന്നും ജൻസേന സ്ഥാപകൻ പറഞ്ഞു. ജില്ലാ ഭരണകൂടവും ഇവർക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

രണ്ട് ഇന്ത്യൻ സൈനികരെ പാക്കിസ്ഥാൻ കൊലപ്പെടുത്തിയ കൃഷ്ണഗതിയിൽ 500 വോളന്റിയർമാരെ സംഘം എത്തിക്കും. ഇവരെ അതിർത്തിയിൽ സൈനികരുടെ മുന്നിൽ നിർത്തണമെന്ന് സൈന്യത്തോട് ആവശ്യപ്പെടും. അങ്ങനെയാണെങ്കിൽ സൈനികരുടെ വീരമൃത്യു ഒഴിവാക്കാനാവും.

സൈനികർക്കു വേണ്ടി ജീവത്യാഗം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും കുടുംബങ്ങളില്ലാത്തതിനാൽ തങ്ങളെയോർത്ത് ആരും കരയില്ലെന്നും അരുൺ പുരി പറഞ്ഞു. തങ്ങളെ തടഞ്ഞാൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് കശ്മീരിലേക്ക് പോകുമെന്നും ജൻസേന നേതാവ് പറഞ്ഞു.