തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103 ആം വയസിൽ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാർ പൊന്നാടയണിയിച്ച് പൂക്കൾ നൽകി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്.

പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാധ്യത കൂടുതലുള്ള കോവിഡിൽ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അർപ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരിയായ അഞ്ചൽ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങൾ ഇല്ലെങ്കിലും ഉയർന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കൽ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി സതീഷ്, വൈസ് പ്രിൻസിപ്പലും കോവിഡ് നോഡൽ ഓഫീസർറുമായ ഡോ. ഫത്തഹുദീൻ, സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായർ, ആർ. എം. ഒ ഡോ. ഗണേശ് മോഹൻ, മെഡിസിൻ വിഭാഗം പ്രൊഫസർമാരായ ഡോ. ജേക്കബ്, ഡോ. റെനി മോൾ, ഡോ. ജോ ജോസഫ്, റേഡിയോളജി വിഭാഗം പ്രൊഫസർ ഡോ. അഭിലാഷ്, മൈക്രോ ബയോളജി വിഭാഗം എച്ച്. ഒ. ഡി ഡോ. ലാൻസി കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോർജ് എന്നിവരുടെ സംഘം ദിവസേന പരീദിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. നഴ്സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, മേരി കെ. ഡി, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരീദിന് പരിചരണം നൽകിയത്.

കേരളത്തിൽ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരിൽ ഒരാളാണ് പരീദ്. ആയിരത്തിൽ ഏറെ പേരെ കോവിഡ് മുക്തരാക്കുന്നതിൽ വിജയം കണ്ട കളമശേരി മെഡിക്കൽ കോളേജിൽ നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീദ്.

അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്‌മിറ്റ് ആയിരുന്നു എങ്കിലും നെഗറ്റീവ് ആയിരുന്നതിനാൽ മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു.

അതേസമയം, എറണാകുളം ജില്ലയിൽ 192 പേർക്ക് രോഗം സ്ഥിരീകരിച്ചു. 64 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 60 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.

786 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 382 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14415 ആണ്. ഇതിൽ 12385 പേർ വീടുകളിലും, 186 പേർ കോവിഡ് കെയർ സെന്ററുകളിലും 1844 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.