തിരുവനന്തപുരം: കൊല്ലം പരവൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായതിനേക്കാൾ ഭീതജനകയമായ അന്തരീക്ഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ചിന്നിച്ചിതറിയ മൃതദേഹങ്ങൾക്കൊപ്പം തന്നെ കൈയും കാലും അറ്റ് പാതിജീവൻ തുടിക്കുന്ന ശരീരങ്ങളുമാണ് മെഡിക്കൽ കോളേജിൽ. കരച്ചിലുകതൾ ഞരക്കങ്ങൾക്ക് വഴിമാറിയ അന്തരീക്ഷമാണ് എങ്ങും.

ക്ഷേത്രപരിസരത്തെ കാഴ്ചകൾ ഹൃദയഭേദകമാണ്. മരിച്ചവരുടെ ശരീരഭാഗങ്ങൾ എമ്പാടും ചിതറിക്കിടക്കുകയായിരുന്നു. ഈ ശരീര ഭാഗങ്ങൾ പെറുക്കിക്കൂട്ടിയാണ് ആശുപത്രിയിൽ എത്തിച്ചത്. ജെ.സി.ബി ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ ശരീരഭാഗങ്ങൾ പുറത്തെടുത്തത്. അവശിഷ്ടങ്ങൾ നീക്കുമ്പോഴും പലയിടത്തു നിന്നും നിലവിളി ഉയർന്നുണ്ടായിരുന്നു. അതിനാൽ പിന്നീട് ജെ.സി.ബി മാറ്റി രക്ഷാപ്രവർത്തകർ കൈകൊണ്ട് തന്നെ അവശിഷ്ടങ്ങൾ നീക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാത്ത വെടിക്കെട്ട് വസ്തുക്കൾ അവശേഷിക്കുന്നുണ്ടോ എന്ന ആശങ്കയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

ദുരന്തത്തിന്റെ വ്യാപ്തി മനസിലായതോടെ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും തിരുവനന്തപുരം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഒൻപതാം വാർഡ് അപകടത്തിൽ പരിക്കേറ്റവർക്ക് മാത്രമായി സജ്ജമാക്കി. നാലു ഓപ്പറേഷൻ തീയറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ ആളുകളുടെ പ്രവാഹം തന്നെയാണ്.

വിവരങ്ങളറിയാൻ രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു (04712528300). മാരകമായി പൊള്ളലേറ്റവർക്ക് പ്രത്യേക ചികിൽസാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 87 പേരാണ് ഇപ്പോൾ മെഡിക്കൽ കോളജിലുള്ളത്. 11 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഇതിൽ മൂന്നുപേർ സ്ത്രീകളാണ്. അഞ്ചു സ്ത്രീകൾക്ക് പരുക്കേറ്റിട്ടുണ്ട്. 50 ഡോക്ടർമാരാണ് രംഗത്തുള്ളത്. പരിക്കേറ്റവരുടെ എണ്ണം കുടുന്നതിനാൽ കൂടുതൽ വാർഡുകൾ സജ്ജമാക്കുന്നുണ്ട്. ആറുപേരെ തീവ്രപരിചണ വിഭാഗത്തിൽ (സ്‌പെഷ്യൽ ബേൺ യൂണിറ്റ്) പ്രവേശിപ്പിച്ചു.

പൊള്ളലേറ്റവർക്കു പുറമേ കൈകാലുകൾ ഒടിഞ്ഞവരേയും ചിന്നിച്ചിതറിയ ശരീരങ്ങളുമായി ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഇവർക്കായി കൂടുതൽ വാർഡുകൾ സജ്ജമാക്കുന്നുണ്ട്. ദുരന്തത്തിൽ കൂടുതൽ പേരും ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ ഗ്രൂപ്പ് രക്തവും ആവശ്യമുണ്ടെന്നും രക്തദാനത്തിന് തയ്യാറുള്ളവർ ഉടന് എത്തിച്ചേരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.