കറാച്ചി: യെമനിലെ മൊകാലയിൽ നിന്ന് 11 ഇന്ത്യാക്കാരേയും പാക്കിസ്ഥാൻ നാവിക സേന രക്ഷപ്പെടുത്തി. ഈ സംഭവത്തിലൂടെ പുതിയ നയതന്ത്ര നീക്കങ്ങൾക്ക് തുടക്കമിടുകയാണ് പാക്കിസ്ഥാൻ. ഇന്ത്യയുടെ സുഹൃത്താണ് തങ്ങളെന്ന ലോകത്തെ അറിയിക്കാനുള്ള സുവർണ്ണാവസരമായാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ വിഷയത്തെ കാണുന്നത്. അതുകൊണ്ട് തന്നെ രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെട്ട 11 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

11 ഇന്ത്യക്കാർ ഉൾപ്പെടെ 182 പേരെ രക്ഷപ്പെടുത്തിയ കപ്പൽ കറാച്ചി തുറമുഖത്തെത്തി. ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതിനിധികൾ ഇന്ത്യക്കാരെ സ്വീകരിക്കാൻ കറാച്ചി തുറമുഖത്ത് എത്തിയിരുന്നു. ഇവരെ ഇന്ത്യയിൽ എത്തിക്കുന്നതിന് ഇന്ത്യൻ ഹൈക്കമ്മിഷൻ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് പ്രത്യേക വിമാനമെന്ന വാഗ്ദാനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നത്. യെമനിൽ സൗദിക്ക് ഒപ്പം ചേർന്ന് യുദ്ധത്തിൽ പങ്കാളിയാകാനും ഷെരീഷ് ആലോചിക്കുന്നുണ്ട്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിൽ ചേർന്ന് ഹൂതി വിമതർക്കെതിരെ പൊരുതാൻ പാക്കിസ്ഥാൻ തിടുക്കം കാട്ടുന്നില്ലെന്ന് നവാസ് ഷരീഫ് പറഞ്ഞു. സൈന്യത്തെ അയയ്ക്കണമെങ്കിൽ പാർലമെന്റിന്റെ തീരുമാനം വേണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാനോട് സഖ്യസേനയിൽ ചേരാൻ സൗദി ആവശ്യപ്പെട്ടിരുന്നു. യെമനിൽ സൗദി നടത്തുന്ന വ്യോമാക്രമണം അതി രൂക്ഷമായി തുടരുകയാണ്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന മധ്യ യെമനിലെ ഇബ്ബിൽ ഹൂതി വിമതരുടെ താവളത്തിൽ ബോംബിട്ടതിനെ തുടർന്ന് സമീപത്തെ സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഹൂതി വെബ്‌സൈറ്റ് അറിയിച്ചു. യുദ്ധത്തിൽ രണ്ടാഴ്ചയ്ക്കിടെ 74 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 44 കുട്ടികൾക്കു പരുക്കേറ്റിട്ടുമുണ്ട്്.

ഇതേസമയം, യെമനിലെ യുദ്ധഭൂമിയിൽ നിന്നു മുംബൈയിലെത്തിയ ശേഷം തിങ്കളാഴ്ച കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങിയ 59 പേരെ ഇന്നലെ രണ്ടു തവണയായി അയച്ചെന്ന് നോർക്ക അറിയിച്ചു. വിമാനത്താവളത്തിൽ സമയത്ത് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാന്നാണ് യാത്ര വൈകിയത്. തിങ്കളാഴ്ച വാശിയിലെ നോർക്ക ഓഫിസിലെത്തിയ 188 മലയാളികളുടെ സംഘത്തിലുള്ളവരാണ് ഇവർ.