- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശയും താടിയും വടിപ്പിച്ചു; തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു; മംഗളൂരുവിൽ റാഗിങ്ങിൽ പിടിയിലായത് 11 മലയാളി വിദ്യാർത്ഥികൾ; ക്രൂരമായ റാഗിങ്ങിന് ഇരയായത് മലയാളികളായ അഞ്ചോളം ജൂനിയർ വിദ്യാർത്ഥികൾ; മംഗളൂരു കണച്ചൂർ മെഡിക്കൽ കോളേജിലെ വില്ലന്മാരും ഇരകളും മലയാളികളാകുമ്പോൾ
കാസർകോട്: ഒരു ഇടവേളക്ക് ശേഷം മംഗളുരുവിലെ കോളേജുകൾ വിദ്യാർത്ഥികളുടെ പേടി സ്വപ്നമാകുന്നു. ഒരു കാലത്ത് റാഗിങ്ങിന്റെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച മംഗളൂരുവിലെ ക്യാമ്പസുകൾ വീണ്ടും റാഗിങ്ങിന്റെ വേദികളാവുകയാണ്. സമീപകാലത്ത് ക്രൂരമായ നിരവധി റാഗിങ്ങിന്റെ കഥയാണ് പുറത്ത് വരുന്നത്.
പക്ഷെ റാഗിങ്ങിന്റെ പേരിൽ പിടിക്കപ്പെടുന്നവർ മലയാളി വിദ്യാർത്ഥികളാണ് എന്നതാണ് മറ്റൊരു വസ്തുത.കഴിഞ്ഞ ദിവസം മംഗളൂരു ഉള്ളാൾ കണച്ചൂർ മെഡിക്കൽ സയൻസിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തൽ 11 മലയാളി വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയറായി എത്തിയ മലയാളി വിദ്യാർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്. ഫിസിയോതെറാപ്പി, നഴ്സിങ് വിദ്യാഥികളാണ് അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസർകോട്, മലപ്പുറം ജില്ലകളിലെ 11 വിദ്യാർത്ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്തത്. വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികൾ കോളജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവർ റാഗ് ചെയ്തത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളെയാണ് 11 അംഗ മലയാളി വിദ്യാർത്ഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച് വിദ്യാർത്ഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്മെന്റാണ് പൊലീസിനെ വിവരമറിയിച്ചത്.
18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരേയാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാം - സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
ഗുരുതരമായ വകുപ്പുകളാണ് പ്രതികൾ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കർണാടകയിൽ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ഇന്ത്യൻ പീനൽ കോഡിലെ 323, 506 വകുപ്പുകൾ നടപ്പാക്കുന്നതിനു പുറമേ കർണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷൻ 116 പ്രകാരവും പൊലീസ് കേസെടുത്തു.ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം ശ്രീനിവാസ കോളേജ് ഓഫ് ഫാർമസിയിൽ നിന്ന് സമാന രീതിയിൽ റാഗിങ്ങിന്റെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ സംഭവം കോളേജിന് പുറത്ത് വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് ആയതിനാൽ തങ്ങൾ ഉത്തരം പറയാൻ ബാധ്യസ്ഥരല്ല എന്നതായിരുന്നു കോളേജ് അധികൃതരുടെ വാദം. റാഗിങ്ങിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ കാസർകോഡ് സ്വദേശിയായ വിദ്യാർത്ഥി ഒടുവിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ