അടിമാലി: കളിപാട്ടം വാങ്ങി നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിൽസയിലായിരുന്ന ആഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അടിമാലി വിശ്വദീപ്തി സ്‌കൂളിലെ ആഞ്ചാം ക്ലാസ് വിദ്യാർത്ഥി കല്ലാർ ഏട്ടേക്കർ മുണ്ടയ്ക്കൽ ജീവന്റെ മകൻ ഡിയോൺ (11) ആണ് മരിച്ചത്. ബുധനാഴ്‌ച്ച രാവിലെ 10 ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഫെബ്രുവരി 26 ആയിരുന്നു ഡിയോൺ വിഷം കഴിച്ചത്. പുരയിടത്തിലെ ഏലത്തോട്ടത്തിൽ തളിക്കുന്നതിന് സൂക്ഷിച്ചിരുന്ന വിഷമാണ് കഴിച്ചത്.ഏറേ നാളുകളായി ഡിയോൺ റിമോട്ട് കട്രോൾ കാർ വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് നിർബന്ധമായിരുന്നു. ഇതേ ചൊല്ലി പലപ്പോഴും രക്ഷിതാക്കളോട് വഴക്കിട്ടിരുന്നു. അടുത്ത പള്ളിപെരുനാളിന് കളിപ്പാട്ടം വാങ്ങി നൽകാമെന്ന് പറഞ്ഞെങ്കിലും ഡിയോൺ നിർബന്ധം തുടർന്നു. കഴിഞ്ഞ 26ന് സ്‌കൂൾ വിട്ട് വന്ന കുട്ടി ഇതേ ചൊല്ലി വീണ്ടും വഴക്കിട്ടു.

ഇതിനുശേഷം വീട്ടുകാർ അറിയാതെ ഡിയോൺ വിഷം കഴിക്കുകയായിരുന്നു. സന്ധ്യാ പ്രാർത്ഥന സമയത്ത് കുട്ടി കുഴഞ്ഞ് വീണു. സംഭവം അറിയാതെ രക്ഷിതാക്കൾ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അവിടെ വച്ചാണ് വിഷം ഉള്ളിൽ ചെന്നതായി അറിയുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ രാജഗിരി ആശുപത്രിയിൽ എത്തിക്കുയായിരുന്നു.

ഇവിടെ ചികിൽസയിൽ ഇരിക്കെ ബുധനാഴ്‌ച്ച രാവിലെ മരണമടഞ്ഞു. കുഞ്ഞിന് ഇത്തരമൊരു ആപത്ത് പിണഞ്ഞതോടെ വലിയ വിഷമത്തിലായിരുന്നു രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂൾ അധികൃതരും നാട്ടുകാരുമെല്ലാം. ഡിയോൺ രക്ഷപ്രാപിക്കുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനകളുമായി കഴിഞ്ഞ അവർക്ക് വലിയ ആഘാതമായി ഈ കുരുന്നിന്റെ വേർപാട്.