ന്യൂഡൽഹി: മോശം പെരുമാറ്റത്തിന് 12 രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ. പാർലമെന്റിന്റെ ശീതകാല സമ്മേളന കാലയളവിലാണ് സസ്‌പെൻഷൻ. മൺസൂൺ കാല സമ്മേളനത്തിന്റെ അവസാന ദിനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സസ്‌പെൻഷൻ ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം അപലപിച്ചു.

സിപിഎമ്മിന്റെ എളമരം കരീം, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി, തൃണമൂലിന്റെ ദോള സെൻ, ശാന്ത ഛേത്രി എന്നിവരും ആറ് കോൺഗ്രസ് നേതാക്കളും സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഉണ്ട്. സഭയുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന രീതിയിൽ അനിയന്ത്രിതമായ രീതിയിലാണ് ഈ അംഗങ്ങൾ പെരുമാറിയതെന്നും ഉത്തരവിൽ പറയുന്നു.

പാർലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. പെഗസ്സസ്, ജനറൽ ഇൻഷൂറൻസ് ബിസിനസ് ഭേദഗതി തുടങ്ങിയ സംഭവൾ പാർലമെന്റിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയ്ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുമായി വഴക്കിടുന്നതും കരിങ്കൊടിയുമായി എംപിമാർ സഭയിലെ മേശമേൽ കയറുന്നതും ഫയലുകൾ വലിച്ചെറിയുന്നതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ വനിതാ മാർഷൽമാരെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിക്കുമ്പോൾ പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാരെയും കയ്യേറ്റം ചെയ്യാൻ പുറത്തുനിന്ന് ആളുകളെ സഭയിൽ എത്തിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതിനിടെ, വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി.