രജൗരി: നിയന്ത്രണരേഖ കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലനെ ഇന്ത്യൻ സൈന്യം പിടികൂടി. പാക് അധിനിവേശ കശ്മീരിൽ നിന്ന് അതിർത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാൻ എന്ന കുട്ടിയെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്. ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിന്നാണ് കുട്ടിയെ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ടീം പിടികൂടിയത്.

ഇന്ത്യ-പാക് അതിർത്തി അബദ്ധത്തിൽ കടന്ന് കുട്ടികൾ എത്തുന്നത് പതിവാണെങ്കിലും ഈ കുട്ടിയെ തീവ്രവാദികൾ അയച്ചതാണെന്ന സംശയമാണ് സൈന്യത്തിനുള്ളത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള വഴികൾ കണ്ടെത്തുവാൻ അതിർത്തിക്കപ്പുറമുള്ള തീവ്രവാദികളും പാക് സൈനികരുമായിരിക്കും ഇത് ചെയ്തതെന്നാണ് സൈന്യം സംശയിക്കുന്നത്. സാധാരണഗതിയിൽ കുട്ടികൾ അതിർത്തി കടന്നെത്തിയാൽ ഇരുസൈന്യവും അവരെ കൈമാറുകയാണ് പതിവ്.

ഈ സാധ്യത മുതലെടുത്ത് കുട്ടിയെ ഉപയോഗിച്ച് അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് അനുയോജ്യമായ ഇടങ്ങൾ കണ്ടെത്താനാവാം പാക് തീവ്രവാദികളും സൈന്യവും ശ്രമിച്ചതെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം.

ഇപ്പോൾ പിടിയിലായ അഷ്ഫാഖ് അലി ചൗഹാൻ എന്ന ബലൂച് റെജിമെന്റിൽ നിന്ന് വിരമിച്ച ഒരു ഭടന്റെ മകനാണെന്നാണ് പറയുന്നത്. പാക് അധീന കശ്മീരിലെ ദംഗർ പേൽ ഗ്രാമത്തിലാണ് ഇവരുടെ താമസം.

നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ നിലയിൽ കണ്ട ബാലനടുത്തേക്ക് പട്രോളിങ് ടീം എത്തുകയായിരുന്നു. ഇവരെ കണ്ടത്തോടെ ബാലൻ കീഴടങ്ങുകയും ചെയ്തു. വിശദമായ അന്വേഷണത്തിനായി കുട്ടിയെ പിന്നീട് സൈന്യം പൊലീസിന് കൈമാറി.