വെള്ളരിക്കുണ്ട്: അച്ഛനമ്മമാർക്കൊപ്പം ബൈക്കിൽ യാത്രചെയ്യുമ്പോൾ ഷാൾ പിൻചക്രത്തിൽ കുരുങ്ങി വിദ്യാർത്ഥിനി ശ്വാസംമുട്ടി ദാരണുമായി മരിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനത്ത് കുന്നിരിക്കൽ സജിയുടെയും ബിന്ദുവിന്റെയും ഏകമകൾ മരിയ സജി(11)യാണ് മരിച്ചത്. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. മരിയയുടെ പന്ത്രണ്ടാംപിറന്നാളാണ് തിങ്കളാഴ്ച. അതിന് മുമ്പാണ് വിദ്യാർത്ഥി ദാരുണമായി മരണപ്പെട്ടത്.

കാലിച്ചാമരം പരപ്പ റോഡിൽ ബിരിക്കുളത്ത് ഞായറാഴ്ച രാവിലെ 7.45-ഓടെയാണ് അപകടം. ബിരിക്കുളം ചെറുപുഷ്പം പള്ളിയിൽ ഓശാന ഞായറാചരണത്തിൽ പങ്കുകൊള്ളാൻ പോവുകയായിരുന്നു മൂവരും. വെള്ളമൊഴുകാൻ റോഡ് താഴ്‌ത്തിനിർമ്മിച്ച ഭാഗത്താണ് അപകടമുണ്ടായത്. അച്ഛനമ്മമാരുടെ നടുക്കാണ് മരിയ ഇരുന്നത്. കഴുത്തിൽ ഷാൾ കുരുങ്ങി ബൈക്കോടുകൂടി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഓട്ടോറിക്ഷയിൽവന്ന കോളംകുളത്തെ ജോസഫാണ് ആശുപത്രിയിലെത്തിച്ചത്.

ഈസമയം പള്ളിയിൽ ഓശാനച്ചടങ്ങുകൾ തുടങ്ങിയിരുന്നു. ബിരിക്കുളം ടൗണിലെ ഹമീദ് പള്ളിയിലെത്തി വിവരമറിയിച്ചു. പിന്നാലെ ജീപ്പിൽ നാട്ടുകാരും ആശുപത്രിയിലേക്കുപോയി. എന്നാൽ, കാഞ്ഞങ്ങാട്ടെത്തും മുമ്പ് മരിയ മരിച്ചു. വീഴ്‌ച്ചയിൽ മരിയയുടെ തലയ്ക്കും പരിക്കേറ്റിതുന്നു. സജിയെയും ബിന്ദുവിനെയും പ്രഥമശുശ്രൂഷ നൽകിയശേഷം വീട്ടിലെത്തിച്ചു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്തു.

മൃതദേഹം ഞായറാഴ്ച വൈകീട്ട് പരപ്പ സ്‌കൂളിൽ പൊതുദർശനത്തിനുവെച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ബിരിക്കുളം ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. മരിയയുടെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി.