മുതുകുളം: ആലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് കാപ്പിൽചിറയിൽ ഷാജ്കുമാറിന്റെ മകൾ ആർഷയെ (12) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയുടെ കട്ടിലിനിനോടു ചേർന്ന ജനൽക്കമ്പിയിൽ തൂങ്ങി കട്ടിലിൽ മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

അതേസമയം മരണ കാരണം വ്യക്തമല്ല. വളരെ സന്തോഷവതിയായിരുന്ന കുട്ടി രാവിലെ സ്‌കൂളിൽ നടക്കുന്ന ഗാന്ധി ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതായും പറഞ്ഞിരുന്നു. ഏറെ നേരമായും കൂട്ടിയെ കാണാത്തതിനെ തുടർന്ന് വന്ന് നോക്കുമ്പോഴാണ് ആർഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ ആർഷയുടെ പിതാവിന്റെ മാതാപിതാക്കൾ മാത്രമാണുള്ളത്. കുട്ടിയുടെ മാതാപിതാക്കളായ ഷാജ്കുമാറും ഭാര്യ ദീപ്തിയും പ്ലസ് ടു വിദ്യാർത്ഥിയായ മൂത്ത മകൾ ആദിത്യയും രാമപുരത്താണു താമസിക്കുന്നത്. രാവിലെ വീടിനോടു ചേർന്നുള്ള കടയിലായിരുന്നു ഇരുവരും. ഗാന്ധിജയന്തി ആഘോഷങ്ങൾക്കു സ്‌കൂളിൽ പോകണമെന്നു പറഞ്ഞ കൊച്ചുമകളെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

കായംകുളം സിഐ കെ.സദൻ, കനകക്കുന്ന് എസ്‌ഐ ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സയന്റിഫിക് അസിസ്റ്റന്റിന്റെ നേതൃത്വത്തിലുള്ള സംഘവും തെളിവെടുപ്പു നടത്തി. ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും.