ജിദ്ദ: അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞ മലയാളിബാലന്റെ സംസ്‌കാരം ഇന്ന് ദമാമിൽ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പറയന്റെതെക്കേതിൽ നജീം ബഷീർ ഷംന ദമ്പതിമാരുടെ മകനും ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയുമായ നിഹാൽ (12) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

സ്‌കൂളിലെ രക്ഷാകർത്തൃയോഗത്തിന് പോകാൻ രക്ഷിതാക്കൾക്ക് മുമ്പേ വീട്ടിൽനിന്നിറങ്ങിയ നിഹാലിനെ റോഡിൽ പരിക്കേറ്റുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വീടിനുമുന്നിലെ ഇടുങ്ങിയ പാതയിൽവച്ച് ഏതോ വാഹനം ഇടിച്ചതാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ സംശയകരമായ ഒന്നും ഇല്ലെന്ന് കിഴക്കന്മേഖലാ പൊലീസ് വാക്താവ് അറിയിച്ചു. നിഹാൽ താമസിക്കുന്ന നാലുനില കെട്ടിടത്തിൽനിന്ന് വീണതാണെന്നും എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂവെന്നും അധികൃതർ
അറിയിച്ചു. മൃതദേഹം ചൊവാഴ്ച ദമാമിൽ ഖബറടക്കും. അമീൻ, നാദിയ എന്നിവർ സഹോദരങ്ങളാണ്.