- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബേർസ് റൂസ്റ്റിൽ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടിയ പർവ്വതാരോഹകൻ; കത്തിക്ക് കൈ അറുത്തു മാറ്റി രക്ഷപ്പെട്ട നായകൻ; 127 അവേഴ്സിൽ ഡാനി ബോയൽ പറഞ്ഞതും ചേറാട് മലയിലേതിന് സമാനമായ സംഭവകഥ; റഹ്മാന്റെ സംഗീതത്തിൽ പിറന്ന ഹോളിഡ് ചിത്രവും ഇന്ത്യൻ സൈന്യത്തിന് മുമ്പിൽ തോൽക്കുമ്പോൾ
പാലക്കാട്: ചേറാട് മലയിൽ നിന്നും എയർലിഫ്റ്റ് ചെയ്ത് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് 48 മണിക്കൂറിനുള്ളിലാണ്. നിരീക്ഷണത്തിന് വേണ്ടിയാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിന് വേണ്ടിയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. നാളെ ബാബുവിനെ ഡിസ്ചാർജ്ജ് ചെയ്യും. സിനിമയെ വെല്ലുന്ന നാടകീയതകൾക്കൊടുവിലാണ് സൈന്യം ബാബുവിനെ രക്ഷിച്ചത്. 2010ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയെ പോലും തോൽപ്പിക്കുന്നതായിരുന്നു നാടകീയ സംഭവ വികാസങ്ങൾ.
ഡാനി ബോയലിനെ ഇന്ത്യാക്കാർക്ക് അറിയാവുന്നത് സ്ലംഡോഗ് ബില്യണയറിലൂടെ. ഇന്ത്യയുടെ ഖ്യാതി ഓസ്‌കാറിലെത്തിച്ച ചിത്രം. എ ആർ റഹ്മാനേയും റസൂൽ പൂക്കുട്ടിയേയും ഓസ്‌കാറിൽ താരങ്ങളാക്കിയ ചിത്രം. ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ്. 2003ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാഹിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോ അഭിനയിക്കുന്നു.
റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ് എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്ത സിനിമ. ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി ബോയലും, സൈമൺ ബഫോയും ചേർന്നാണ്. സ്ലംഡോഗ് മില്യണെയർ എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന എ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെയും സംഗീതം നിർവ്വഹിച്ചത്. അങ്ങനെ ഇന്ത്യാക്കാരന്റെ സ്പർശവും ഈ ചിത്രത്തിനുണ്ടായിരുന്നു. സിനിമയിൽ നായകന് കൈ അറുത്തുമാറ്റേണ്ടി വന്നുവെങ്കിൽ മലമ്പുഴയിൽ ഇന്ത്യൻ സേന അസാധ്യമെന്ന് കരുതിയത് സാധിച്ചെടുത്തു.
ആരോടും പറയാതെ യൂട്ടായിലെ കാന്യോൺലാൻഡ്‌സ് നാഷണൽ പാർക്കിൽ ട്രെക്കിങ് നടത്തുന്നതിനിടെയാണ് റാൾസ്റ്റന് അപകടം സംഭവിക്കുന്നത്. റാൾസ്റ്റന്റെ വലതു കൈ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. 127 മണിക്കൂറുകൾക്കൊടുവിൽ കൈ മുറിച്ചുകളഞ്ഞാണ് റാൾസ്റ്റൻ ജീവിതത്തിലേക്ക് പൊരുതി കയറിയത്. കുടിക്കാൻ ഒരിറ്റ് വെള്ളമില്ലാതെയും തന്റെ നിലവിളി കേൾക്കാൻ ആരുമില്ലാതെയിരുന്ന അപകട നിമിഷങ്ങളിലെ ജീവിതാനുഭവത്തെക്കുറിച്ച് ആരോൺ റാൾസ്റ്റൻ എഴുതിയ 'ബിറ്റ്‌വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ്' എന്ന പുസ്തകം പിന്നീട് സിനിമയായി.
സ്ലംഗോഡ് മില്ല്യണയർ ഒരുക്കിയ ഡാനി ബോയ്‌ലാണ് 2010ൽ '127 അവേഴ്‌സ്' സംവിധാനം ചെയ്തത്. ആ സിനിമയിലെ രംഗങ്ങൾ വീണ്ടും ഓർമകളിലേക്ക് എത്തിക്കുന്നതാണ് ബാബുവിന്റെ സംഭവം. ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രചോദനം നൽകുന്ന തരത്തിലാണ് സർവൈവൽ ത്രില്ലറായ സിനിമ ഒരുക്കിയത്. ജെയിംസ് ഫ്രാങ്കോയാണ് ചിത്രത്തിൽ ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അതിഥി താരമായി ആരോൺ എത്തുകയും ചെയ്തിരുന്നു. ആറ് ഓസ്‌കാർ നാമനിർദ്ദേശങ്ങളും 127 അവേഴ്സിന് ലഭിച്ചിരുന്നു.
സിനിമയിലെ നായകനേക്കാൾ ആത്മവിശ്വാസം മലമ്പുഴയിൽ ബാബു എന്ന യുവാവ് പ്രകടിപ്പിച്ചു. കൈയിൽ മൊബൈലുണ്ടായിരുന്നതു തുണയായി. 40 മണിക്കൂറിലേറെ വിശപ്പും ദാഹവും സഹിച്ചുകഴിഞ്ഞ ബാബു ഇതിനിടയിൽ സ്വമേധയാ രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ആദ്യം തങ്ങിയിടത്ത് നിന്ന് ഊർന്ന് മറ്റൊരിടം വരെ ബാബു എത്തിയിരുന്നു. എന്നാൽ പിന്നീട് ചെങ്കുത്തായ കൊക്ക ആയതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങുകയായിരുന്നു. ഒടുവിൽ ബാബു തന്നെയാണ് താൻ ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് അറിയിച്ചത്. ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ റോപ്പ് ഇട്ട് കൊടുത്ത് രക്ഷിക്കുക എന്നത് ശ്രമകരമായിരുന്നു.
ആദ്യഘട്ടത്തിൽ ഡ്രോൺ ഉപയോഗിച്ച് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. കാലവസ്ഥയായിരുന്നു പ്രതികൂലമായി നിന്നത്. ഇതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനൊപ്പം തന്നെ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്താൻ വേണ്ടി കോയമ്പത്തൂരിൽ നിന്ന് സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും വലിയ ഡ്രോണും കോസ്റ്റ് ഗാർഡിന്റെ എയർലിഫ്റ്റിങ് ടീമിനെയും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷാപ്രവർത്തക സംഘം റോപ്പ് കെട്ടി ബാബുവിന്റെ അരികിലേക്ക് എത്തിയത്. പിന്നെ എല്ലാം അത്യുഗ്രൻ ക്ലൈമാക്‌സിലേക്കും നീങ്ങി.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാർജ് ചെയ്യും. സുലൂരിലെ വ്യോമസേനാ കാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബാബു ഛർദിച്ചിരുന്നു. ഇത് അൽപം ആശങ്കക്കിടയാക്കി. ആർമിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്‌നേഹം പ്രകടിപ്പിച്ചത്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാൽ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.
മറുനാടന് ഡെസ്ക്