പാലക്കാട്: 2006 മുതൽ വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിന്റെ ചിറകിലേറിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുെട തെരഞ്ഞെടുപ്പ് സഞ്ചാരം. അന്ന് വി എസ് തരംഗത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് രണ്ട് സീറ്റുകൾ മാത്രം അകന്നു നിന്നു. വീണ്ടും കേരളം വിധി നിർണ്ണയിക്കാൻ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ വി എസ് മുന്നിൽ നിന്നു നയിച്ച പ്രചരണം എത്രകണ്ട് ഫലപ്രദമാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. എന്നാൽ, എല്ലാത്തവണത്തെയും പോലെയല്ല, വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇത്തവണ അന്തർദേശിയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇടതു മുന്നണിയുടെ പ്രചരണത്തിനായി അനേകം താരങ്ങളും എത്തിയെങ്കിലും വിഎസിന്റെ സ്ഥാനം ഇപ്പോഴും അതുക്കും മേലെയാണ്. 93ം വയസിലേക്ക് കടന്ന വി എസ് കടുത്ത ചൂടിനേയും വേനലിനേയും പോലും അവഗണിച്ച് 13 ദിവസം കൊണ്ട് പങ്കെടുത്തത് 64ൽ പരം തെരഞ്ഞെടുപ്പ് റാലികളിലാണ്. വിഎസിന്റെ നിലപാടിനോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവരും അദ്ദേഹത്തെ വിമർശിച്ചവരുമൊക്കെ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചപ്പോൾ വോട്ടഭ്യർഥിക്കുന്ന ഫ്ളാ്‌സ് ബോർഡിലും പോസ്റ്ററുകളിലുമെല്ലാം തങ്ങളുടെ ചിത്രത്തെക്കാൾ വലുതായാണ് വി എസ് എന്ന നേതാവിന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ വിഎസിന് ഉള്ള സ്വാധീനം കേരളത്തിലെ തന്നെ മറ്റൊരു നേതാവിനും ഇല്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്തവണയും വിഎസിന്റെ ചിത്രം പോസ്റ്ററിൽ ഇടംപിടിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് പ്രചരണം നടത്തിയിട്ടും കടുത്ത താപനില അനുഭവപെടുന്ന പാലക്കാട് ജില്ലയിലെ സ്വന്തം മണ്ഡലമായ മലമ്പുഴയിൽ പ്രചരണം നടത്തിയിട്ടും. മിക്കവാറും ദിവസങ്ങളിൽ 200 മുതൽ 250 കിലോസീറ്റർ വരെ യാത്ര ചെയ്തിട്ടും വി എസ് ഈ പ്രായത്തിലും തന്റെ യുവത്വം കൈവിടാതെ ഊർജ്ജസ്വലനായാണ് കാണപ്പെട്ടത്.

പ്രചരണത്തിനായി വി എസ് എത്തുന്നതിനും മണിക്കൂറുകൾ മുമ്പ് തന്നെ വൻ ജനാവലിയാണ് പ്രയ നേതാവിനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നതിനുമായി പൊതുയോഗ സ്ഥലങ്ങളിൽ എത്തിയിരുന്നത്. പല അഭിപ്രായ സർവ്വേകളിലും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടത വി എസ് എന്ന് തന്നെയാണ്. ജനങ്ങളുടെ ഈ സ്‌നേഹത്തിനു കാരണം എന്താണെന്ന എൻഡിടിവിയിലെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകൻ പ്രണോയ് റോയിയുടെ ചോദ്യത്തിന് നിഷ്‌കളങ്കമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അവരുടെ സ്‌നേഹം എന്നായിരുന്നു മറുപടി.

92ാം വയസ്സിലും പൊതു പ്രവർത്തന രംഗത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും ആരാധ്യനായ നേതാവ് എന്ന പദവി അലങ്കരിക്കുന്ന അദ്ദേഹത്തെ കുറിച്ച് പരിപാടികൾ ചിത്രീകരിക്കുന്നതിനായി വിദേശമാദ്ധ്യമങ്ങൾ പോലും കേരളത്തിൽ തമ്പടിക്കുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നതിനായി ദേശീയ മാദ്ധ്യമങ്ങൾ ഏതാനും ദിവസങ്ങളായി കേരളത്തിൽ തമ്പടിച്ചിരിക്കയാണ്. എൻഡിടിവിയിലെ പ്രണോയ് റോയ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വിഎസിന്റെ ഊർജ്ജത്തിൽ അത്ഭുതം കൂറുക തന്നെ ചെയ്തിരുന്നു. ഈ പ്രായത്തിലും ഇത്രയേറെ യോഗങ്ങളിൽ സജീവമായി പങ്കെടുത്ത വി എസ് ലോക മാദ്ധ്യമങ്ങൾക്ക് പോലും അത്ഭുതമായി മാറിയിരിക്കയാണ്.